- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം ജനമറിയും: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: ജെ.ബി.കോശി കമ്മീഷന്‍ ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ കേരളമിന്ന് നേരിടുന്ന സാമൂഹ്യപ്രശ്നങ്ങളുടെ യഥാര്‍ത്ഥചിത്രവും സത്യാവസ്ഥയും ജനമറിയുമെന്നും ഈ ഭയപ്പാടാണ് റിപ്പോര്‍ട്ട് രഹസ്യമാക്കിവെയ്ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കുന്നതെന്നും കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആരോപിച്ചു.
കഴിഞ്ഞദിവസം നിയമസഭയില്‍ ഇതുസംബന്ധിച്ച് ചോദ്യമുയര്‍ന്നിട്ടും ക്ഷേമപദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചു മാത്രമാണ് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഉത്തരം നല്‍കിയത്. ക്രൈസ്തവ പഠന റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യത്തിന്മേല്‍ വകുപ്പുമന്ത്രി നിശബ്ദത പാലിച്ചതില്‍ ദുരൂഹതയുണ്ട്. ജെ.ബി.കോശി കമ്മീഷന്റെ 284 ശുപാര്‍ശകളില്‍ 152 ശുപാര്‍ശകള്‍ ഇതുവരെ നടപ്പാക്കിക്കഴിഞ്ഞുവെന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭാപ്രഖ്യാപനം മുഖവിലയ്ക്കെടുക്കാനാവില്ലെന്നുമാത്രമല്ല തെറ്റിദ്ധാരണ പരത്തുന്നതുമാണ്. നടപ്പിലാക്കാന്‍ കഴിയാത്ത ശുപാര്‍ശകളുടെ പട്ടിക തയ്യാറാക്കുമെന്ന വെളിപ്പെടുത്തലുകള്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.
സംസ്ഥാന മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇപ്പോള്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കൈകളിലാണിരിക്കുന്നതെന്നുള്ള നിയമസഭാരേഖകളുണ്ട്. കേരളമിന്ന് നേരിടുന്ന സാമൂഹ്യ വിപത്തുകളായ മദ്യം, മയക്കുമരുന്ന്, രാസലഹരി, പ്രണയത്തിന്റെ പേരിലുള്ള ചതിക്കുഴികള്‍ ഉള്‍പ്പെടെ ക്രൈസ്തവസമൂഹം കഴിഞ്ഞ നാളുകളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന വിവിധ സാമൂഹ്യ വിഷയങ്ങളുടെ വിശദാംശങ്ങളും കണക്കുകളും ജെ.ബി.കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കങ്ങള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയാണ്. ഇതായിരിക്കാം റിപ്പോര്‍ട്ട് പുറത്തിറക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോകുന്നതിന്റെ പ്രധാന കാരണം. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടേണ്ട ജനാധിപത്യ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വ്വഹിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.