സ്പീക്കിങ്ങ് ടൈഗര്‍ ബുക്സ് പുറത്തിറക്കിയ ഉപമന്യു ചാറ്റര്‍ജിയുടെ ലൊറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫ് എന്ന നോവല്‍ 2024-ലെ ജെസിബി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായി. 25 ലക്ഷം രൂപയാണ് പുരസ്‌കാര തുക. ബല്ലഭ്ഗഢിലെ ജെസിബി ഇന്ത്യ ഓഫീസില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം നല്‍കി. ഡല്‍ഹിയിലെ കലാകാരന്മാരായ തുക്ക്‌റാലും ടഗ്രയും ചേര്‍ന്ന് രൂപം നല്‍കിയ ജെസിബി ട്രോഫി ഈ ചടങ്ങില്‍ ഉപമന്യു ചാറ്റര്‍ജിക്ക് നല്‍കി.

ജെസിബി ചെയര്‍മാന്‍ ലോര്‍ഡ് ബാംഫോര്‍ഡിന് വേണ്ടി ജെസിബി ഇന്ത്യയുടെ സിഇഒയും എംഡിയുമായ ദീപക് ഷെട്ടിയാണ് പുരസ്‌കാരം സമ്മാനിച്ചത്. ''ഇന്ത്യന്‍ സാഹിത്യത്തിന്റെ ഇന്ത്യത്വം ആഘോഷിക്കുന്നതിനായി ലോര്‍ഡ് ബാംഫോര്‍ഡ് ആശയാവിഷ്‌കാരം നല്‍കിയതാണ് സാഹിത്യത്തിനുള്ള ജെസിബി പുരസ്‌കാരം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഏറ്റവും മികച്ച വിശാല വീക്ഷണമുള്ള വൈവിധ്യമാര്‍ന്ന കൃതികളാണ് ഈ പുരസ്‌കാരത്തിന് അര്‍ഹമായിട്ടുള്ളത്. ഈ വര്‍ഷവും വ്യത്യസ്തമല്ല. ലൊറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫിന് ഈ പുരസ്‌കാരം നേടിയ ഉപമന്യു ചാറ്റര്‍ജിയെ ജെസിബി കുടുംബത്തിന്റെ പേരില്‍ ഞാന്‍ അഭിനന്ദിക്കുന്നു,'' ദീപക് ഷെട്ടി പറഞ്ഞു.

''സമകാലിക ഇന്ത്യന്‍ സാഹിത്യത്തില്‍ പ്രാദേശിക ഭാഷകളില്‍ വായനക്കാര്‍ക്കായി ഏറെ രചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഉന്നത നിലവാരമുള്ള മൊഴിമാറ്റത്തെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രസാധകര്‍ ഏറെ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചു വരുന്നത്. സാഹിത്യ രചനയിലും ആസ്വാദനത്തിലും ഒരുപോലെ ഉയര്‍ന്നു വരുന്ന ഇന്ത്യയുടെ പുതിയ സമീപനം വരും കാലങ്ങളില്‍ ഏറെ ആവേശമുണര്‍ത്തുന്ന വായനാ അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്,'' ഷെട്ടി കൂട്ടിച്ചേര്‍ത്തു.

ജൂറി അംഗമായ ജെറി പിന്റൊ യുടെ അഭിപ്രായത്തില്‍, ''ഉപമന്യു ചാറ്റര്‍ജിയുടെ ലോറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫ് ഒരു മനുഷ്യന്റെ ആത്മാവിന്റെ ആഴങ്ങളിലേക്കുള്ള യാത്രയാണ് നമുക്ക് ഒരുക്കി തരുന്നത്. തീര്‍ത്തും വ്യത്യസ്തമായ വിശ്വാസങ്ങളുടേയും യുക്തിയുടേയും മറ്റൊരു ഭൂമികയിലേക്ക് അത് നമ്മെ നയിക്കുന്നു. അഭിലാഷത്തിന്റേയും നേട്ടത്തിന്റേയും പേരില്‍ ആവര്‍ത്തിച്ച് വായിക്കപ്പെടേണ്ട ഒരു പുസ്തകമാണ് ഇത്.''

''അതിസൂക്ഷ്മ ഗവേഷണം വെളിവാക്കുന്ന ഈ കൃതിക്ക് അതിന്റെ ലോകത്തേക്ക് വലിച്ചടുപ്പിക്കാനുള്ള കഴിവുണ്ട്. ഒരു കുടിയേറ്റക്കാരന്റെ ജീവിതവും വിശ്വാസം തേടിയുള്ള യാത്രയും പ്രതിപാദിക്കുന്ന ഈ രചന വിവിധ ഭൂഖണ്ഡങ്ങളില്‍ പാറി നടക്കുന്ന അനുയോജ്യമായ സമയത്തിന്റേയും കഥയാണ്. ഒരു യഥാര്‍ത്ഥ കഥയുടെ ചുവടു പിടിച്ച് എഴുതിയിരിക്കുന്ന ഈ കൃതി അതിനെ വിചിത്രമായ രീതിയില്‍ വിപരീതമായി അടുക്കിയിരിക്കുന്നു,'' മറ്റൊരു ജൂറി അംഗമായ ദീപ്തി ശശിധരന്‍ അഭിപ്രായപ്പെട്ടു.

''മുന്‍ കാലങ്ങളിലെ മഹാന്മാരായ എഴുത്തുകാരുടെ മഹത്തായ പുസ്തകങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുന്ന ഒരു പുസ്തകമാണിത്. എല്ലാം തികഞ്ഞ ഒരു നോവല്‍. ആത്മീയത, വിശ്വാസം, ആത്മാവിന്റെ ഇരുണ്ട ലോകം രാത്രികള്‍ എന്നിങ്ങനെയുള്ള മഹത്തായ വിഷയങ്ങളെ ആഴത്തില്‍ പ്രതിപാദിക്കുന്ന ഒരു രചന. മീനിങ്ങ് ഓഫ് ലൈഫ് ശരിക്കും അര്‍ത്ഥം നഷ്ടപ്പെടല്‍ കൂടിയാണ്,'' ജൂറി അംഗമായ തൃദീപ് സുഹൃദ് പറഞ്ഞു.

മറ്റൊരു ജൂറി അംഗമായ ഷൗനക് സെന്‍ അഭിപ്രായപ്പെട്ടു: ''ലോറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ഓഫ് ലൈഫ് നിരാകരണത്തിലേക്കും കീഴടങ്ങലിന്റെ ആനന്ദത്തിലേക്കും അതിന്റെ അനുബന്ധ പൈറോടെക്നിക്കുകളിലേക്കും നീങ്ങാനുള്ള ആശ്ചര്യകരമായ തീരുമാനത്തിന്റെ മന്ദഗതിയിലുള്ള ജ്വലനം വെളിവാക്കുന്നു. ഇത് ഒരു മികച്ച കൃതിയാണ്. ഇതിന്റെ മൂന്നില്‍ രണ്ട് ഭാഗമെങ്കിലും ദാര്‍ശനികവും സാഹിത്യപരവുമായ പാറി പറക്കലുകളില്‍ തിളങ്ങുന്നു.''

ലോറന്‍സോ സെര്‍ച്ചസ് ഫോര്‍ ദി മീനിങ്ങ് ആത്മീയതയുടേയും വിശ്വാസത്തിന്റേയും മനുഷ്യാവസ്ഥയുടേയും മനോഹരമായ ഒരു പര്യവേഷണമാണ്, എന്ന് മറ്റൊരു ജൂറി അംഗമായ അക്വി താമി പറഞ്ഞു.

''ഇന്ത്യന്‍ സാഹിത്യ ഭൂമികയെ രൂപപ്പെടുത്തി എടുക്കുന്ന അസാധാരണമായ ശബ്ദങ്ങളുടെ ഒരു ആഘോഷമായി മാറിയിരിക്കുന്ന സാഹിത്യത്തിനുള്ള ജെസിബി പുരസ്‌കാരം അതിന്റെ പാരമ്പര്യം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു എന്ന് കാണുന്നത് ഏറെ അഭിമാനകരമാണ്. കഥ പറച്ചിലിന്റെ വൈവിധ്യത്തെ ആദരിക്കുവാന്‍ വേണ്ടി ആരംഭിച്ച ഈ പുരസ്‌കാരം പരിണാമപരമമായ ഒരു വേദിയായി ഉയര്‍ന്നു വന്നുകൊണ്ട് കാലവുമായി ആഴത്തില്‍ പ്രതിധ്വനിക്കുന്ന ആഖ്യാനങ്ങളെ ഉയര്‍ത്തി കാട്ടുന്നു. ഈ ലോകത്ത് മായ്ക്കാന്‍ കഴിയാത്ത മുദ്ര പതിപ്പിക്കുന്ന രചനകള്‍ സംഭാവന ചെയ്യുന്ന എഴുത്തുകാരുടേയും പരിഭാഷകരുടേയും കലാ ചാതുര്യവും ക്രിയാത്മകതയും പ്രതിബദ്ധതയുമെല്ലാം ആദരിക്കുവാനുള്ള പ്രതിബദ്ധത വീണ്ടും ഒരിക്കല്‍ കൂടി ഊന്നി പറയുന്നു ഈ പുരസ്‌കാരം,'' ജെസിബി സാഹിത്യ പുരസ്‌കാരത്തിന്റെ യാത്രയെ കുറിച്ച് ലിറ്റററി ഡയറക്ടര്‍ മിത കപൂര്‍ പറഞ്ഞു.