പെരുമ്പാവൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കുറുപ്പംപടി രായമംഗലം കുരുവപ്പാറ അട്ടായത്ത് വീട്ടില്‍ ബിനില്‍കുമാര്‍ (41) നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്രം പതിനഞ്ചോളം പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തായി അമ്പതിലേറെ പേര്‍ ഈ തട്ടിപ്പുസംഘത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പോലീസിനോട് പറഞ്ഞത്.

സിംഗപ്പൂര്‍ പോലുള്ള രാജ്യങ്ങളില്‍ പാക്കിംഗ് ഹെല്‍പ്പര്‍ ജോലിയാണ് വാഗ്ദാനം നല്‍കിയത്. രണ്ട് ലക്ഷത്തോളം രൂപ ശമ്പളവും ഓഫര്‍ ചെയ്തിരുന്നു. ചിലര്‍ക്ക് വ്യാജ വിസയും നല്‍കി. ലക്ഷങ്ങളാണ് ഉദ്യോര്‍ത്ഥികളില്‍ നിന്ന് വാങ്ങിയിരുന്നത്. ഓരോ കാരണങ്ങള്‍ പറഞ്ഞ് യാത്ര നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പെരുമ്പാവൂരില്‍ ഫ്‌ലൈവില്ലോ ട്രീ ഇന്റര്‍നാഷനല്‍ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയി.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ രുപീകരിച്ച അന്വേഷണ സംഘം തൊടുപുഴ ഇടവെട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍, വാഴക്കുളം, ചെങ്ങമനാട്, ആലുവ, ഹില്‍ പാലസ് തുടങ്ങിയ സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ഇന്‍സ്‌പെക്ടര്‍ ടി.എം സൂഫി, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.എം റാസിഖ്, എല്‍ദോ കുര്യാക്കോസ്, സീനിയര്‍ സി പി ഒ മാരായ മിഥുന്‍ മുരളി, മുഹമ്മദ് ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.