പാലാ: സമാധാനത്തിന്റെയും അഹിംസയുടെയും പ്രതീകമാണ് ഗാന്ധിജിയെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. ഗാന്ധിജയന്തിയോടനുബന്ധിച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രാ അഹിംസാദിനാചരണവും ഗാന്ധിജയന്തി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാധാനപരമായ പ്രതിഷേധങ്ങളുടെ മൂല്യം ലോകത്തിനു പകര്‍ന്നു നല്‍കാന്‍ ഗാന്ധിജിക്കു കഴിഞ്ഞു.അക്രമം കൂടാതെ സ്വാതന്ത്ര്യവും സമാധാനവും കൈവരിക്കാമെന്ന് അദ്ദേഹം ലോകത്തിനു കാണിച്ചു നല്‍കി. യോജിപ്പുള്ളതും ഉള്‍ക്കൊള്ളുന്നതുമായ ലോകം എന്നതായിരുന്നു മഹാത്മാഗാന്ധിയുടെ ദര്‍ശനം. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ എക്കാലവും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ വി തുരുത്തന്‍, പാലാ ഡി വൈ എസ് പി കെ സദന്‍, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി, ഡോ സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, അഡ്വ സന്തോഷ് മണര്‍കാട്, സിജിത അനില്‍, സാബു എബ്രാഹം, ബെന്നി മൈലാടൂര്‍, അനൂപ് ചെറിയാന്‍, വി എം അബ്ദുള്ളാഖാന്‍, കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരന്‍നായര്‍, ബിജു പാലൂപടവന്‍, വേണു വേങ്ങയില്‍, ടോബിന്‍ കെ അലക്‌സ്, ടോബി തൈപ്പറമ്പില്‍, പ്രശാന്ത് അണ്ണന്‍സ്, ജോസ് മുകാല, സാജോ വാളിപ്ലാക്കല്‍, ഒ എസ് പ്രകാശ്, ചേരാസ് രവിദാസ് എന്നിവര്‍ പ്രസംഗിച്ചു.