തിരുവനന്തപുരം, ഓഗസ്റ്റ് 21, 2025: പ്രശസ്ത പൊതുപ്രവര്‍ത്തകനായ കെ.എം. ബഷീറിന്റെ സ്മരണാര്‍ത്ഥം വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീര്‍ സ്മാരക പ്രഭാഷണത്തിന്റെ പതിനാറാം പതിപ്പ് സെപ്റ്റംബര്‍ 1 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ നടക്കും. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റണ്‍ ഫലി നരിമാന്‍ ഈ വര്‍ഷത്തെ കെ.എം. ബഷീര്‍ സ്മാരക പ്രഭാഷണം നടത്തും. തുല്യ സാമ്പത്തിക വികസനം, സാമൂഹിക നീതി, സാമുദായിക ഐക്യം എന്നിവയ്ക്കായി ജീവിതം സമര്‍പ്പിച്ച കെ.എം. ബഷീറിന്റെ ജന്മശതാബ്ദി കൂടിയാണ് ഈ വര്‍ഷം.

വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് വര്‍ഷം തോറും സംഘടിപ്പിക്കുന്ന കെ.എം. ബഷീര്‍ സ്മാരക പ്രഭാഷണ പരമ്പര, വിശിഷ്ട വ്യക്തിത്വങ്ങള്‍ അടിയന്തിര സാമൂഹിക പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്ന വേദിയാണ്. 'മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്‌കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം' എന്ന വിഷയത്തിലാണ് ജസ്റ്റിസ് റോഹിന്റണ്‍ നരിമാന്‍ സംസാരിക്കുക. സെപ്റ്റംബര്‍ 1 ന് വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന പ്രഭാഷണം മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് നടക്കുക. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. ജമീലാ ബീഗം, എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. സജിത ബഷീര്‍, ചെയര്‍പേഴ്സണ്‍ എ.സുഹൈര്‍ എന്നിവര്‍ സംസാരിക്കും.

'മതേതരത്വം സാഹോദര്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ മൗലികാവകാശ അധ്യായത്തിലും മൗലിക കടമകള്‍ എന്ന അധ്യായത്തിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭരണഘടനയിലെ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 29, ഒരുപക്ഷേ ലോക ഭരണഘടനകളില്‍ത്തന്നെ അതുല്യമാണ്. അതിനാല്‍, സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കുന്നതിനും, വ്യക്തിയുടെ അന്തസ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനും വലിയ പ ങ്കാണ് ഇതു വഹിക്കുന്നത്,' എന്ന് ജസ്റ്റിസ് നരിമാന്‍ വിശ്വസിക്കുന്നു. കെ എം ബഷീര്‍ സ്മാരക പ്രഭാഷണത്തിനിടെ ജസ്റ്റിസ് നരിമാന്‍ ഈ വിഷയത്തെക്കുറിച്ചും കൂടുതല്‍ വിശദീകരിക്കും.

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നിയമജ്ഞരില്‍ ഒരാളായ ജസ്റ്റിസ് നരിമാന്‍ നാഴികക്കല്ലുകളായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ശ്രേയ സിംഗാള്‍ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ടിലെ 66എ എന്ന വകുപ്പ് റദ്ദാക്കിയത് അവയില്‍ ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ മേഖലകളില്‍ സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് വഴിതെളിച്ച മികച്ച വിജയമാണിതെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വകാര്യതയെ മൗലികാവകാശമായി പ്രഖ്യാപിക്കുന്നതില്‍ അദ്ദേഹത്തിന്റെ നിര്‍ണ്ണായക പങ്ക്, സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കിയ ചരിത്രപ്രസിദ്ധമായ നവതേജ് സിംഗ് ജോഹര്‍ കേസില്‍ അദ്ദേഹം നടത്തിയ അഭിപ്രായ പ്രകടനം, വിവാദമായ ശബരിമല ക്ഷേത്ര പ്രവേശന കേസില്‍ അദ്ദേഹം നടത്തിയ ശക്തമായ ന്യായവാദം എന്നിവയെല്ലാം മതപരമായ ആചാരങ്ങളെക്കാള്‍ ഭരണഘടനാപരമായ ധാര്‍മ്മികതയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയെ അടിവരയിടുന്നു.

ഇതു വരെ 15 പ്രഭാഷണങ്ങള്‍ വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്. പ്രൊഫ. പ്രഭാത് പട്‌നായിക്, ഡോ. അസ്ഗര്‍ അലി എഞ്ചിനീയര്‍, ഡോ. സര്‍വേപ്പള്ളി ഗോപാല്‍, സല്‍മാന്‍ ഖുര്‍ഷിദ് തുടങ്ങിയ പ്രമുഖര്‍ നേരത്തെ കെ.എം. ബഷീര്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. 'കേരളത്തിലെ സാമൂഹിക പരിവര്‍ത്തനങ്ങളുടെയും പുതിയ വിഭാഗീയതയുടെയും രാഷ്ട്രീയ സമ്പദ്വ്യവസ്ഥ', 'നിലവിലെ സാഹചര്യത്തില്‍ ഒരു ബദല്‍ വികസിപ്പിക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ പങ്ക്' മുതല്‍ 'ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ വികസനം' തുടങ്ങിയവ ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ ഈ പ്രഭാഷണങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന കെ.എം. ബഷീര്‍ സ്മാരക പ്രഭാഷണ പരമ്പര, ഇന്നേറെ പ്രസക്തമായ 'സാമുദായിക ഐക്യം, ഭരണഘടന, സംസ്ഥാനത്തിന്റെ പങ്ക്' എന്ന വിഷയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.