- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സാഹോദര്യം എന്ന കേന്ദ്ര ബിന്ദുവില്‍ അധിഷ്ഠിതം: ജസ്റ്റിസ് നരിമാന്‍
തിരുവനന്തപുരം, 01 സെപ്റ്റംബര്‍ 2025: സാഹോദര്യം എന്നത് എല്ലാ ആശയങ്ങള്‍ക്കും അച്ചുതണ്ടായുള്ള ഒരു പ്രധാന കേന്ദ്രബിന്ദുവാണെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് റോഹിന്റണ്‍ ഫലി നരിമാന്‍. സാഹോദര്യം കൈവരിക്കുന്നതിനുള്ള ഒരു ചവിട്ടുപടി എന്ന നിലയില്‍ മതേതരത്വം അനിവാര്യമാണെന്ന് പറഞ്ഞു. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച പതിനാറാമത് കെ എം ബഷീര്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
''മതേതര രാഷ്ട്രത്തിലെ സാഹോദര്യം: സാംസ്‌കാരിക അവകാശങ്ങളുടെയും കടമകളുടെയും സംരക്ഷണം'' എന്ന വിഷയത്തില്‍ സംസാരിച്ച ജസ്റ്റിസ് നരിമാന്‍, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം സൂചിപ്പിക്കുന്ന, 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍' എന്നത് ''ഇന്ത്യയിലെ ഭൂരിപക്ഷ ജനവിഭാഗമായ ഞങ്ങള്‍'' എന്നോ ''ഇന്ത്യയിലെ മുതിര്‍ന്ന പുരുഷജനസംഖ്യയായ ഞങ്ങള്‍'' എന്നോ അല്ല അര്‍ത്ഥമാക്കുന്നത്. മറിച്ച്, ഇന്ത്യക്കാരായ എല്ലാവരും എന്നാണ് അതു കൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ജസ്റ്റിസ് നരിമാന്‍ ഓര്‍മിപ്പിച്ചു.
''ഓരോ പൗരന്റെയും അടിസ്ഥാന കടമ ഭരണഘടനയോടാണ്. ഓരോ പൗരനും ഭരണഘടനയോടും അതിന്റെ ആദര്‍ശങ്ങളോടും സ്ഥാപനങ്ങളോടും ആദരവ് പുലര്‍ത്തേണ്ടതുണ്ട് . ദേശീയ പതാകയോടുള്ള ബഹുമാനം അനിവാര്യമാണ്, ദേശീയ പതാക സാഹോദര്യത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. ദേശീയ പതാകയിലെ വെള്ള നിറം സമാധാനവും ഐക്യവുമാണ് പ്രതിനിധാനം ചെയ്യുന്നത്. ഓരോ തവണയും ദേശയീയ പതാകയിലേയ്ക്ക് നോക്കുമ്പോള്‍ സാഹോദര്യമാണ് നാം ആദ്യം കാണുന്നത്, ജസ്റ്റിസ് നരിമാന്‍ കൂട്ടിച്ചേര്‍ത്തു.
തുല്യമായ സാമ്പത്തിക വികസനത്തിനും സാമൂഹിക നീതിക്കും സാമുദായിക ഐക്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രശസ്ത പൊതുപ്രവര്‍ത്തകനായ കെ.എം. ബഷീറിന്റെ ജന്മശതാബ്ദി വര്‍ഷം കൂടിയാണ് പ്രഭാഷണ പരമ്പരയിലെ 16-ാം പതിപ്പ് ആഘോഷിച്ചത്. മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ് അധ്യക്ഷത വഹിച്ചു. വക്കം മൗലവി ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പ്രൊഫ. ജമീല ബീഗം; എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. സാജിത ബഷീര്‍; ചെയര്‍പേഴ്സണ്‍ എ. സുഹൈര്‍ എന്നിവര്‍ സംസാരിച്ചു. കെ.എം. ബഷീര്‍ അനുസ്മരണ പ്രഭാഷണത്തിന് ശേഷം ഒരു സംവേദനാത്മക സെഷനും സംഘടിപ്പിച്ചു. ജസ്റ്റിസ് നരിമാന്‍ സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.