തിരുവനന്തപുരം:സാഹിത്യകാരി മാധവിക്കുട്ടിയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ ക്കായി കേരള കലാകേന്ദ്രം ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി-കമലാ സുരയ്യ ചെറുകഥ അവാര്‍ഡ്, വാവ ഭാഗ്യലക്ഷ്മി രചിച്ച ഉര്‍വരാ എന്ന കഥയ്ക്ക് ലഭിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യമായി പ്രസിദ്ധീകൃതമായ കഥയാണ് അവാര്‍ഡിന് പരിഗണിച്ചത്. 10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡ്.

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് ഡോ. സി.കെ. ശാലിനി (മലഞ്ചെരുവുകളില്‍ രാക്കാറ്റ് വീശുമ്പോള്‍), ആര്‍. സരിതാരാജ് (വിചിത്രയാനം), ഷബ്‌ന മറിയം (കാദംബിനി), ഐശ്വര്യ കമല (പപ്പി പാസിഫൈ) എന്നിവരും അര്‍ഹരായി.

ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, എസ്. മഹാദേവന്‍ തമ്പി, ചലച്ചിത്ര സംവിധായകന്‍ അഡ്വ. ശശി പരവൂര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പരിഗണനയ്ക്കായി ലഭിച്ച എഴുപത്തിരണ്ട് കഥകളില്‍ നിന്നും അവാര്‍ഡിന് അര്‍ഹമായവ തെരഞ്ഞെടുത്തത്.

ജനുവരി 15 ന് തിരുവനന്തപുരത്ത് വച്ച് പ്രമുഖ സാംസ്‌ക്കാരിക നായകരുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ അറിയിച്ചു.