- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് ബദലൊരുക്കാന്‍ കേരളം; രാജ്യത്തിന് മാതൃക
തിരുവനന്തപുരം: അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്ക് ബോട്ടിലുകള്‍ക്ക് ബദല്‍ സംവിധാനമൊരുക്കാന്‍ സംസ്ഥാനം. പ്ലാസ്റ്റിക്ക് ബോട്ടിലിന് പകരമായി, ജൈവിക രീതിയില്‍ നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കുന്ന ഹരിതകുപ്പികള്‍ (കംപോസ്റ്റബിള്‍ ബോട്ടില്‍) കനകക്കുന്നില്‍ നടക്കുന്ന വൃത്തി2025 ഗ്രീന്‍ കേരള കോണ്‍ക്ലേവില്‍ അവതരിപ്പിച്ചു.
ജലസേചന വകുപ്പിനു കീഴിലുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഐഐഡിസി- കിഡ്ക്) നിര്‍മിക്കുന്ന ഇത്തരം കുപ്പികളില്‍ കുടിവെള്ളം ഉടന്‍ വിപണിയിലെത്തും. സര്‍ക്കാരിന്റെ 'ഹില്ലി അക്വാ' ബ്രാന്‍ഡിനു കീഴിലാണ് കുടിവെള്ളം വിപണനം ചെയ്യുക. നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ണമായും മണ്ണില്‍ അലിഞ്ഞുചേരുമെന്നതാണ് ഹരിതകുപ്പികളുടെ പ്രത്യേകത. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഹരിതകുപ്പികളില്‍ കുടിവെള്ളം വിപണിയിലെത്തിക്കുന്നത്.
നൂറു ശതമാനവും ജൈവ ഉന്മൂലനം സാധ്യമാകുന്ന ഹരിതകുപ്പികള്‍ കാഴ്ചയില്‍ പ്ലാസ്റ്റിക്ക് കുപ്പികളെ പോലെ ഉണ്ടാകും. ഹരിതകുപ്പികള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തിനു പുറമെ ഐഎസ്ഒ (ISO17088), ടിയുവി (TUV) തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ സര്‍ട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ബയോ പ്രോഡക്ടസാണ് കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ നിര്‍മിക്കുന്നതിന് ആവിശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നത്. കംപോസ്റ്റബിള്‍ ബോട്ടിലുകള്‍ക്ക് പ്ലാസ്റ്റിക്ക് കുപ്പിയേക്കാള്‍ നിര്‍മാണ ചെലവ് അധികമായിരിക്കും.
പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിരോധനമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഹരിതകുപ്പികള്‍ ഉപയോഗിക്കാം. ശബരിമല പോലുള്ള ഇടങ്ങളില്‍ ഉപകാരപ്രദമാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
സുസ്ഥിര മാലിന്യ നിര്‍മാര്‍ജനത്തിന് നൂതന രീതികള്‍ രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര കോണ്‍ക്ലേവാണ് കനകക്കുന്നില്‍ നടക്കുന്നത്. മാലിന്യ നിര്‍മാര്‍ജന രംഗത്തെ ആഗോള വിദഗ്ധര്‍, സംരംഭകര്‍, നിക്ഷേപകര്‍, നയതന്ത്രജ്ഞര്‍, ഭരണകര്‍ത്താക്കള്‍ എന്നിവര്‍ അഞ്ചു ദിവസത്തെ കോണ്‍ക്ലേവില്‍ പങ്കെടുക്കും. സുസ്ഥിര ഭാവിയിലേക്കുള്ള പരിസ്ഥിതി സൗഹൃദ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍, നൂതന സാങ്കേതികവിദ്യകള്‍ എന്നിവയുടെ സ്റ്റാളുകളും എക്‌സിബിഷനുകളും കോണ്‍ക്ലേവിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.