കൊച്ചി : പ്രമേഹ രോഗ ചികിത്സാ ശാസ്ത്ര രംഗത്ത്, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ (ആര്‍എസ്എസ്ഡിഐ) യുടെ 53-ാമത് ദേശീയ വാര്‍ഷിക സമ്മേളനത്തിന് വേദിയാവാനൊരുങ്ങി കൊച്ചി. നവംബര്‍ 6 മുതല്‍ 9 വരെ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന നാല് ദിവസത്തെ ദേശീയ ശാസ്ത്ര കോണ്‍ക്ലേവില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള 7,000-ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിമാനകരമായ ദേശീയ ആര്‍എസ്എസ്ഡിഐ സമ്മേളനം കേരളത്തിലേക്ക് തിരിച്ചെത്തുന്നത്.

പ്രമേഹ പ്രതിരോധം, ചികിത്സ, സാങ്കേതികവിദ്യ എന്നിവയിലെ ഏറ്റവും പുതിയ പുരോഗതികള്‍ പങ്കുവെക്കുന്നതിനായി പ്രമുഖ പ്രമേഹരോഗ വിദഗ്ധര്‍, ഡോക്ടര്‍മാര്‍, ഗവേഷകര്‍, പോഷകാഹാര വിദഗ്ധര്‍, പ്രമേഹത്തെ കുറിച്ചുള്ള ബോധനം നല്‍കുന്നവര്‍, ആരോഗ്യപരിചരണ വിദഗ്ദ്ധര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെല്ലാം ഈ സമ്മേളനത്തിന്റെ ഭാഗമാകും. പ്ലീനറി സെഷനുകള്‍, സിമ്പോസിയങ്ങള്‍, വിദഗ്ദ്ധ പാനലുകള്‍, പ്രായോഗിക വര്‍ക്ക്ഷോപ്പുകള്‍, പബ്ലിക് ഫോറം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഉണ്ടാവും. ഈ വര്‍ഷം മൊത്തത്തില്‍ 328 സയന്റിഫിക് അബ്സ്ട്രാക്റ്റുകളാണ് ലഭിച്ചത്. അതില്‍ 169 എണ്ണം നേരിട്ടുള്ള അവതരണങ്ങള്‍ക്കും 107 എണ്ണം പോസ്റ്ററുകള്‍ക്കുമായി തിരഞ്ഞെടുത്തു.വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുഖ്യാതിഥിയും ഡോ. ശശാങ്ക് ജോഷി വിശിഷ്ടാതിഥിയുമായിരിക്കും.

'ഹൃദയാഘാതം, വൃക്ക തകരാറ്, പക്ഷാഘാതം, വിഷാദം, കൈകാലുകള്‍ മുറിച്ചുമാറ്റല്‍, ലൈംഗികശേഷിക്കുറവ്, അന്ധത എന്നിവയ്ക്കുള്ള പ്രധാന കാരണം പ്രമേഹമാണെന്ന് സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ജ്യോതിദേവ് കേശവദേവ്

പറഞ്ഞു. 'ഈ രംഗത്ത് ശ്രദ്ധേയമായ ശാസ്ത്രീയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, പ്രമേഹമുള്ളവരില്‍ 10% ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ ഒഴിവാക്കാവുന്ന ഈ സങ്കീര്‍ണതകള്‍ തടയാന്‍ കഴിയുന്നുള്ളു. തെറ്റായ വിവരങ്ങള്‍, ചികിത്സ അകാലത്തില്‍ നിര്‍ത്തലാക്കല്‍, ഭക്ഷണക്രമവും ശാരീരിക വ്യായാമവും പാലിക്കാത്തത്, മരുന്നുകളുടെ സുരക്ഷയെക്കുറിച്ചുള്ള അനാവശ്യമായ ഭയം എന്നിവ പലപ്പോഴും ഏറ്റവും മികച്ച പരിചരണത്തിന് തടസ്സമാകുന്നു' അദ്ദേഹം പറഞ്ഞു.

'തെറാപ്പിയിലും സാങ്കേതികവിദ്യയിലുമുള്ള മുന്നേറ്റങ്ങളില്‍ നിന്ന് രോഗികള്‍ക്ക് പ്രയോജനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് തുടര്‍ച്ചയായതും, തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് ഡോക്ടര്‍ ജ്യോതിദേവ് ഊന്നിപ്പറഞ്ഞു. 'ശാസ്ത്രീയ പുരോഗതിയെ രോഗികള്‍ക്ക് മികച്ച ഫലമുണ്ടാവുന്ന വിധത്തിലേക്ക് മാറ്റിയെടുക്കാന്‍ ക്ലിനിക്കുകളെ പ്രാപ്തരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശാധിഷ്ഠിതവും പ്രായോഗികവുമായ പഠനം നല്‍കുന്നതാണ് ഈ സമ്മേളനം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ പ്രമേഹ മാനേജ്മെന്റ്, ടൈപ്പ് 1 പ്രമേഹം, ഗര്‍ഭകാല പ്രമേഹം, ഫാര്‍മക്കോതെറാപ്പി, ഡിജിറ്റല്‍ ഹെല്‍ത്ത്, എഐ, പ്രമേഹ സാങ്കേതികവിദ്യ, ഉപാപചയ പ്രവര്‍ത്തനവും പൊണ്ണത്തടിയും മാനേജ് ചെയ്യുന്ന രീതികള്‍, പോഷകാഹാര ശാസ്ത്രം, പ്രതിരോധ തന്ത്രങ്ങള്‍, പൊതുജനാരോഗ്യ നയം, പ്രമേഹത്തിന്റെ മാനസികാരോഗ്യ വശങ്ങള്‍ എന്നിവയെല്ലാം ശാസ്ത്രീയ സെഷനുകളില്‍ വിഷയമാകും.

ഡോ. അനിത നമ്പ്യാര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഡോ. അനുജ് മഹേശ്വരി (നാഷണല്‍ സയന്റിഫിക് ചെയര്‍മാന്‍), ഡോ. റഫീഖ് മുഹമ്മദ് (ട്രഷറര്‍) എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സംഘാടക സമിതി.