കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയിലെ (കെഎംബി 2025) കലാ പ്രദര്‍ശനങ്ങളെ പ്രശംസിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍. ബിനാലെ നല്‍കുന്ന അനുഭവം ഉന്മേഷദായകവും സൃഷ്ടികള്‍ അത്ഭുതം നിറയ്ക്കുന്നതുമാണെന്ന് സെലിബ്രിറ്റി സന്ദര്‍ശകര്‍ അഭിപ്രായപ്പെട്ടു.

പ്രാചീന സമ്പ്രദായങ്ങളും കരകൗശല വസ്തുക്കളും കലയായി രൂപാന്തരപ്പെടുന്നത് ശ്രദ്ധിച്ചതായി ഓസ്‌ട്രേലിയന്‍ ചലച്ചിത്ര-ടെലിവിഷന്‍ നിര്‍മ്മാതാവും അക്കാദമി അവാര്‍ഡ് ജേതാവുമായ എമില്‍ ഷെര്‍മാന്‍ പറഞ്ഞു. കലാപരമായ വഴികള്‍ വെല്ലുവിളി നിറഞ്ഞതും കാര്യങ്ങള്‍ വ്യത്യസ്തമായി അനുഭവിക്കാന്‍ പ്രാപ്തമാക്കുന്നതുമാണ്. ഇന്ത്യയുടെയും ഗ്ലോബല്‍ സൗത്തിന്റെയും വിശാലത യൂറോപ്പില്‍ കണ്ടുപരിചയിച്ച ചില കലകളെ പൂര്‍ണമാക്കുന്നതായി അനുഭവപ്പെട്ടു. ബിനാലെയില്‍ നിരവധി മികച്ച മള്‍ട്ടിമീഡിയ വര്‍ക്കുകളും സിനിമകളും ആസ്വദിക്കാനായി.

നഗരത്തിന്റെ ആകര്‍ഷകമായ ഘടനയും ഫോര്‍ട്ട് കൊച്ചിയിലെ വ്യത്യസ്ത സംസ്‌കാരങ്ങളുടെയും ചരിത്രത്തിന്റെയും വംശങ്ങളുടെയും പാരസ്പര്യവും പുരാതന കെട്ടിടങ്ങള്‍ സൃഷ്ടികളുടെ പരസ്പരബന്ധത്താല്‍ ജീവസുറ്റതാകുന്നതും അനുഭവിക്കാനായെന്ന് എമില്‍ ഷെര്‍മാന്‍ പറഞ്ഞു. പുരാതന ഫോര്‍ട്ട് കൊച്ചി പട്ടണത്തിന്റെ ഊര്‍ജ്ജം അവിശ്വസനീയമാണ്. ബിനാലെയിലൂടെ അത് കൂടുതല്‍ ആഴത്തിലുള്ള അനുഭവമാകുന്നു.

മുമ്പ് പലതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഷെര്‍മാന്‍ കൊച്ചിയും കെഎംബിയും സന്ദര്‍ശിക്കുന്നത്. പ്രദര്‍ശനം മുഴുവനായി കാണാന്‍ രണ്ട് ദിവസമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെഎംബി 2025 ഒരു സംഗീത പ്രകടന അനുഭവമാണ് തനിക്ക് സമ്മാനിച്ചതെന്ന് സംഗീതജ്ഞനും മോഹനവീണ വാദകനുമായ പോളി വര്‍ഗീസ് സാക്ഷ്യപ്പെടുത്തുന്നു.

ആസ്പിന്‍വാള്‍ ഹൗസില്‍ കണ്ട എല്ലാ കലാസൃഷ്ടികളിലും പ്രത്യേകിച്ച് സറീന മുഹമ്മദിന്റെ ഇന്‍സ്റ്റലേഷനില്‍ സംഗീതം കേള്‍ക്കാന്‍ കഴിഞ്ഞു. സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള ഇന്‍സ്റ്റലേഷന്‍ ആദ്യമായിട്ടാണ് കാണുന്നത്. കലാകാരനും നര്‍ത്തകിയും സ്ഥലത്തെ വ്യാഖ്യാനിക്കുന്നതു പോലെയാണ് ഒരു സംഗീതജ്ഞന്‍ നിശബ്ദതയെ വ്യാഖ്യാനിക്കുന്നത്. ശൂന്യതയും നിശബ്ദതയും ധാരാളം സംസാരിക്കുന്നു. സൗന്ദര്യശാസ്ത്രം, രാഷ്ട്രീയം, തത്വചിന്ത തുടങ്ങിയ കാര്യങ്ങളിലൂടെ സ്വയം വ്യാഖ്യാനിക്കുമ്പോഴാണ് കൃതികളുമായി ബന്ധപ്പെടാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകം എല്ലാവര്‍ക്കുമുള്ളതാണെന്ന സന്ദേശം കെഎംബി പങ്കുവയ്ക്കുന്നതായി അസമിലെ ഉള്‍ഫ പ്രസ്ഥാനത്തെക്കുറിച്ചും കത്തുന്ന ഒരു ഗ്രാമത്തിന്റെ ചിത്രത്തെക്കുറിച്ചുമുള്ള ധീരജ് റഭയുടെ സൃഷ്ടി ചൂണ്ടിക്കാട്ടി പോളി വര്‍ഗീസ് പറഞ്ഞു.

ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കലാസൃഷ്ടികള്‍ ഉള്ളില്‍ തുളച്ചുകയറുന്നതും ശക്തവുമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് ബിനാലെയിലെത്തിയ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ബി കാശി വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി. ഓരോ പെയിന്റിംഗിനും ശില്പത്തിനും പിന്നില്‍ ഭാവനയും സമര്‍പ്പണവും കഠിനാധ്വാനവും പ്രകടമാണ്. ഓരോ സൃഷ്ടിയും ആഴത്തിലുള്ള അഭിനിവേശത്തെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതിശയകരവും ചിന്തനീയവുമായ കലാ പ്രദര്‍ശനത്തിന് കൊച്ചി ബിനാലെ ടീം അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 ലെ അവസാന ദിവസം ബിനാലെ വേദികളില്‍ വന്‍തിരക്കാണ് പ്രദര്‍ശനം കാണാന്‍ അനുഭവപ്പെട്ടത്.