- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിത്രകാരന്റെ കൈകളിലെ മാന്ത്രികവിദ്യ: മുതുകാടിനെയും അമ്മയെയും അത്ഭുതപ്പെടുത്തി പ്രജിത്ത്
മലപ്പുറം: ഗോപിനാഥ് മുതുകാടിന്റെ അച്ഛന്‍ കുഞ്ഞുണ്ണിനായരുടെ ഛായാചിത്രം ഓണസമ്മാനമായി നല്‍കി മുതുകാടിനെയും അമ്മ ദേവകിയമ്മയെയും അത്ഭുതപ്പെടുത്തി യുവചിത്രകാരന്‍ പ്രജിത്ത്. തിരുവോണനാളില്‍ നിലമ്പൂര്‍ കവളമുക്കട്ടയിലെ തറവാട്ടുവീട്ടിലെത്തിയാണ് പ്രജിത്ത് ചിത്രം കൈമാറിയത്. മുതുകാട് തന്റെ അച്ഛനുള്ള സമര്‍പ്പണമായി ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍ എന്ന പേരില്‍ ഒരു ഇന്ദ്രജാല പരിപാടി ഇക്കഴിഞ്ഞ മാസം കോഴിക്കോട് അവതരിപ്പിച്ചിരുന്നു.
പരിപാടി കണ്ട പ്രജിത്ത് മുതുകാടിന്റെ ജീവിതത്തില്‍ അച്ഛനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു വേറിട്ട സമ്മാനം നല്‍കുവാന്‍ തീരുമാനിച്ചത്. അക്രിലിക് പെയിന്റ് ഉപയോഗിച്ച് ക്യാന്‍വാസില്‍ വരച്ച ഈ ചിത്രം ഒരാഴ്ച കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.
തിരുവോണനാളില്‍ അമൂല്യമായ ഒരു സമ്മാനം ലഭിച്ച സന്തോഷത്തിലാണ് മുതുകാടിന്റെ അമ്മ ദേവകിയമ്മ. പ്രജിത്തിന്റെ കൈകളില്‍ നിന്നും നിറകണ്ണുകളോടെയാണ് അവര്‍ ചിത്രം ഏറ്റുവാങ്ങിയത്. പ്രജിത്തിന് ഓണസമ്മാനമായി ഓണക്കോടി നല്‍കാനും അവര്‍ മറന്നില്ല.
ഒട്ടേറെ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഒരുപാട് ഇഷ്ടമുള്ള മുതുകാട് അങ്കിളിന്റെ അച്ഛന്റെ ചിത്രം സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും കലാകാരനെന്ന നിലയില്‍ തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിലൊന്നാണിതെന്നും പ്രജിത്ത് പറഞ്ഞു. മൂന്നാം വയസിലാണ് പ്രജിത്ത് ചിത്രരചന ആരംഭിച്ചത്. നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങളില്‍ ജേതാവായ പ്രജിത്ത് കാരുണ്യ സേവന രംഗത്തും സജീവമാണ്. നിര്‍ധന രോഗികളുടെ ചികിത്സാ ചിലവിനായി ചിത്രം വരച്ചു ധനശേഖരണവും നടത്തുന്നുണ്ട് 18കാരനായ ഈ കൊച്ചു മിടുക്കന്‍. മലപ്പുറം തിരൂര്‍ സ്വദേശിയായ പ്രമോദ്-പ്രബി ദമ്പതികളുടെ മകനാണ്.