- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ചേരി മെഡിക്കല്‍ കോളേജിന് അനുയോജ്യമായ സ്ഥലം കണ്ടെത്തണം: കെവി സഫീര്‍ഷ
മഞ്ചേരി: മഞ്ചേരി ജനറല്‍ ആശുപത്രി ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും മറ്റൊരു സ്ഥലം കണ്ടെത്തി ജില്ലയിലെ മെഡിക്കല്‍ കോളേജ് സമഗ്രമായി വികസിപ്പിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ വി സഫീര്‍ ഷ പറഞ്ഞു. മഞ്ചേരി മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
2013ല്‍ ജില്ലക്കുള്ള മെഡിക്കല്‍ കോളജ് അനുവദിച്ചപ്പോള്‍ ജനറല്‍ ആശുപത്രിയിലുള്ള ശിഹാബ് തങ്ങള്‍ ജനറല്‍ ആശുപത്രിയുടെ തൊട്ടടുത്ത് നിര്‍മാണം പൂര്‍ത്തിയായി ഉദ്ഘാടനത്തിന് തയാറായ മാതൃശിശു ആശുപത്രിയുടെ കെട്ടിടങ്ങള്‍ ഉപയോഗിച്ചാണ് താത്കാലികമായി മെഡിക്കല്‍ കോളേജ് ആരംഭിച്ചത്. നിലവിലെ ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ് ആക്കിയതോടുകൂടി മലപ്പുറം ജില്ലയിലെ ജനറല്‍ ആശുപത്രി നഷ്ടപ്പെട്ടിരിക്കുകയാണ്. നിലവിലെ ആശുപത്രി ജനറല്‍ ആശുപത്രിയായി നിലനിര്‍ത്തിക്കൊണ്ട് ആവശ്യമായ വിശാലമായ സ്ഥലത്തേക്ക് മെഡിക്കല്‍ കോളേജിന് മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു.
മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തില്‍ നടക്കുന്നത് സര്‍ക്കാര്‍ വിവേചനമാണ്.കേരളത്തിലെ മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് സാധാരണയായി 100 മുതല്‍ 150 ഏക്കര്‍ വരെ ഭൂമിയുണ്ട്, നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന് 26 ഏക്കര്‍ മാത്രം ഭൂമിയാണുള്ളത്. മറ്റ് മെഡിക്കല്‍ കോളേജുകളെ അപേക്ഷിച്ച്, വികസനത്തിനും സര്‍വീസുകള്‍ മെച്ചപ്പെടുത്തുന്നതിനും ഇത് നിര്‍ണായകമായ തടസ്സമാകുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം ജില്ലയില്‍ 41 ലക്ഷം ജനസംഖ്യയുണ്ട്, 11.95 ലക്ഷം ജനസംഖ്യ മാത്രമുള്ള പത്തനംതിട്ടയില്‍ 8 ജില്ലാ ആശുപത്രികള്‍ ഉള്ളപ്പോള്‍ 41 ലക്ഷം വരുന്ന മനുഷ്യര്‍ മലപ്പുറം ജില്ലയിലെ മനുഷ്യര്‍ക്ക് ഏഴ് ജില്ലാ ആശുപത്രികള്‍ മാത്രമാണ് ഉള്ളത്, ഇങ്ങനെ തുടരുന്നു മലപ്പുറം ജില്ലയിലെ ആരോഗ്യ മേഖലയിലെ വികസന വിവേചനം. ഇവിടുത്തെ ആരോഗ്യ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ മെച്ചപ്പെട്ട പദ്ധതികള്‍ നടപ്പാക്കാന്‍ താല്‍പര്യമില്ല എന്നതാണ്, നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സവും, സ്റ്റാഫ് നിയമനത്തില്‍ വൈകല്യവും അതിന്റ കൂടി ഭാഗമാണ്.
മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് വേണ്ടി സര്‍ക്കാര്‍ തയാറാകാത്ത പക്ഷം, ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ നടത്തുമെന്നും കെ വി സഫീര്‍ ഷാ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മുനീബ് കാരക്കുന്ന്, കൃഷ്ണന്‍ കുനിയില്‍, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍, ജില്ലാ സെക്രട്ടറി ശാക്കിര്‍ മോങ്ങം, ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഖീമുദ്ദീന്‍ സി എച്ച്, സെയ്താലി വലമ്പൂര്‍,ബന്ന മുതുവല്ലൂര്‍, മണ്ഡലം പ്രസിഡണ്ട് ഹനീഫ മാസ്റ്റര്‍, സവാദ് ചെരണി, നജീബ് മഞ്ചേരി, മുനിസിപ്പല്‍ പ്രസിഡണ്ട് വാപുട്ടി, അല്‍ സബാഹ് എന്നിവര്‍ നേതൃത്വം നല്‍കി.