പാലാ: എയിഡഡ് സ്‌കൂളുകള്‍ക്ക് എം എല്‍ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സര്‍ക്കാര്‍ നീക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. കവീക്കുന്ന് സെന്റ് എഫ്രേംസ് യു പി സ്‌കൂളിന്റെ നൂറ്റി ഒന്നാമത് വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നിയന്ത്രണം ഉള്ളതിനാല്‍ അര്‍ഹതയുള്ള സ്‌കൂളുകള്‍ക്കു സഹായങ്ങള്‍ നല്‍കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി.

സ്‌കൂള്‍ മാനേജര്‍ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍ ജോസഫ് മലേപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ജോസ് ജെ ചീരാംകുഴി, ബൈജു കൊല്ലംപറമ്പില്‍, സിജി ടോണി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജിനോ ജോര്‍ജ്, മുന്‍ കൗണ്‍സിലര്‍ ആന്റണി മാളിയേക്കല്‍, എബി ജെ ജോസ്, പി ടി എ പ്രസിഡന്റ് ടോണി ആന്റണി, ശാലിനി ജോയി എന്നിവര്‍ പ്രസംഗിച്ചു. ശതാബ്ദി സ്മാരക സുവനീറിന്റെ പ്രകാശനം മാണി സി കാപ്പന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. തുടര്‍ന്നു സ്‌കോളര്‍ഷിപ്പ് വിതരണവും സമ്മാനദാനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.