കോഴിക്കോട്: മതേതര മൂല്യങ്ങള്‍ക്ക് കരുത്തുപകര്‍ന്ന ഭരണാധിപനായിരുന്നു ഡോ. മന്‍മോഹന്‍ സിങ് എന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഒന്നിലധികം തവണ അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ-സാമൂഹിക പുരോഗതിയില്‍ പ്രത്യേക ശ്രദ്ധ നല്‍കിയ അദ്ദേഹം തന്റെ ഭരണകാലത്ത് ഒട്ടനവധി പദ്ധതികള്‍ ന്യൂനപക്ഷ ക്ഷേമത്തിനായി നടപ്പിലാക്കിയിട്ടുണ്ട്.

സച്ചാര്‍ കമ്മിറ്റി, അലിഗഢ് മലപ്പുറം, മുര്‍ഷിദാബാദ് സെന്ററുകള്‍, എന്‍ സി പി യു എല്‍ ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിനായി കൃത്യമായ ലക്ഷ്യത്തോടെ അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടിക്കാഴ്ചകളില്‍ മര്‍കസിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതികളെ വലിയ താത്പര്യത്തോടെ നോക്കിക്കണ്ട അദ്ദേഹം ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നല്‍കുകയുണ്ടായി.

ആഗോള വികസന സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തുന്നതില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തി. സാമ്പത്തിക ശാസ്ത്രത്തില്‍ വലിയ പരിജ്ഞാനമുള്ള വ്യക്തിയെന്ന നിലയില്‍ തന്റെ കഴിവും അറിവും രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗപ്പെടുത്തി. ഇന്ത്യ ഇന്ന് കൈവരിച്ച നിരവധി നേട്ടങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും മതേതര-ജനാധിപത്യ വിശ്വാസികള്‍ എന്നും താങ്കളെ ഓര്‍ക്കുമെന്നും അനുശോചന സന്ദേശത്തില്‍ ഗ്രാന്‍ഡ് മുഫ്തി പറഞ്ഞു.