- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ സംരക്ഷിക്കപ്പെടണം: ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി
കോഴിക്കോട്: അയല്‍ രാജ്യമായ ബംഗ്ലാദേശ് സംഘര്‍ഷഭരിതമാകുന്നത് ആശങ്കാജനകമാണെന്നും അവിടുത്തെ ന്യൂനപക്ഷങ്ങള്‍ എല്ലാ അര്‍ഥത്തിലും സുരക്ഷിതരായിരിക്കാനുള്ള നടപടികള്‍ ആ രാജ്യം കൈകൊള്ളണമെന്നും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. വൈഷ്ണവ ഭിക്ഷു ചിന്‍മോയ് കൃഷ്ണ ദാസിനെ കഴിഞ്ഞ മാസം 25ന് പോലീസ് അറസ്റ്റ് ചെയ്തതാണ് ബംഗ്ലാദേശ് തെരുവുകളെ ഒരിക്കല്‍ കൂടി പ്രക്ഷുബ്ധമാക്കിയിരിക്കുന്നത്.
അതേത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം പലയിടങ്ങളിലും വലിയ സംഘര്‍ഷാവസ്ഥക്ക് കാരണമായി.ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ അരക്ഷിതാബോധത്തിലേക്ക് എടുത്തെറിയപ്പെടുന്നത് ഇന്ത്യയും പാകിസ്താനും അഫ്ഗാനിസ്താനും നേപ്പാളുമെല്ലാമടങ്ങുന്ന മേഖലയിലാകെ പ്രത്യാഘാതം സൃഷ്ടിക്കാന്‍ പോന്ന ദുരവസ്ഥയാണ്.
സാധാരണ മനുഷ്യരെ വൈകാരികമായി ഇളക്കിവിടരുത്. സമാധാനവും സൗഹാര്‍ദവും കാത്തുസൂക്ഷിക്കാനും വര്‍ഗീയത പടരുന്നത് തടയാനും ഇടക്കാല സര്‍ക്കാര്‍ തയ്യാറാകണം. ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടികളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണം. ഇക്കാര്യത്തില്‍ ക്രിയാത്മകമായ പിന്തുണ നല്‍കാന്‍ അയല്‍രാജ്യമെന്ന നിലയില്‍ ഇന്ത്യ തയ്യാറാകണമെന്നും ഗ്രാന്‍ഡ് മുഫ്തി ആവശ്യപ്പെട്ടു.