കോഴിക്കോട്: ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന റമളാന്‍ 25-ാം രാവില്‍ ഖുര്‍ആന്‍ സമ്മേളനവും ഹിഫ്ള് സനദ് ദാനവും മര്‍കസില്‍ നടക്കും. മാര്‍ച്ച് 25 ന് വൈകുന്നേരം 4 മുതല്‍ 26 പുലര്‍ച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ആത്മീയ-പ്രാര്‍ഥനാ മജ്ലിസുകളാണ് നടക്കുക.

മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിലെ 9 ക്യാമ്പസുകളില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകളുടെ സനദ് ദാനവും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ വാര്‍ഷിക ഖുര്‍ആന്‍ പ്രഭാഷണവും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്.

കൂടാതെ ആയിരം ഹാഫിളുകള്‍ നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് ഖത്മുള്‍ ഖുര്‍ആന്‍ മജ്‌ലിസ്, തൗബ, തഹ് ലീല്‍ പ്രാര്‍ഥനാ സംഗമം, ദൗറത്തുല്‍ ഖുര്‍ആന്‍ സദസ്സ് തുടങ്ങിയ ആത്മീയ പരിപാടികളും സമ്മേളനത്തില്‍ നടക്കും. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി വിശുദ്ധ റമളാനിലെ പവിത്രമായ ദിനങ്ങളുടെ പ്രാധാന്യവും പുണ്യവും പൊതുജനങ്ങളിലെത്തിക്കാനും ആത്മീയ, ധാര്‍മിക ജീവിതത്തിലൂടെ സാമൂഹത്തിന്റെ സമാധാന അന്തരീക്ഷം വീണ്ടെടുക്കാനും വിവിധ പദ്ധതികളാണ് മര്‍കസില്‍ നടക്കുന്നത്. ഹലാവതുല്‍ ഖുര്‍ആന്‍, തജ്വീദുല്‍ ഖുര്‍ആന്‍, റൗളത്തുല്‍ ഇല്‍മ്, നൂറുല്‍ വാഖിഅ, മജ്‌ലിസുല്‍ ഇസ്തിഗ്ഫാര്‍, നൂറുല്‍ വിത്രിയ്യ തുടങ്ങി ദൈനംദിന പഠന പരിശീലന ക്ലാസുകളും തിദ്കാറു സ്വാലിഹീന്‍, വനിതാ പഠന വേദി, പ്രഭാഷണങ്ങള്‍, നസ്വീഹ തുടങ്ങി വൈജ്ഞാനിക സദസ്സുകളും സമ്മേളന പൂര്‍വ പദ്ധതികളാണ്. നടക്കും.

വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും പാരായണ രീതിശാസ്ത്രമനുസരിച്ചുള്ള പരിശീലനത്തിനുമായി പ്രത്യേക കോഴ്സുകളും ഖുര്‍ആന്‍ സമ്മേളനത്തിന്റെ ഭാഗമായി തയ്യാര്‍ ചെയ്തിട്ടുണ്ട്. അനുദിനം വര്‍ധിക്കുന്ന കൊലപാതകങ്ങള്‍ക്കും ലഹരി ഉപയോഗങ്ങള്‍ക്കും കലുഷിത അന്തരീക്ഷങ്ങള്‍ക്കുമിടയില്‍ ആത്മീയ ജീവിതത്തിന്റെ സാമൂഹിക പ്രസക്തി ബോധ്യപ്പെടുത്താനുള്ള വിവിധ പദ്ധതികളും സമ്മേളനത്തോട് അനുബന്ധിച്ചു നടക്കുന്നുണ്ട്. ഇതിനായി പ്രത്യേക പ്രഭാഷണങ്ങളും സൗഹൃദ സംഭാഷണങ്ങളും ഗൃഹ സന്ദര്‍ശനങ്ങളും സംഘടിപ്പിക്കും.