കോഴിക്കോട്: മര്‍കസ് അക്കാദമി ഓഫ് ഖുര്‍ആന്‍ സ്റ്റഡീസിന്റെ 9 ക്യാമ്പസുകളില്‍ നിന്ന് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ 79 ഹാഫിളുകള്‍ ഇന്ന്(ചൊവ്വ) നടക്കുന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസത്തില്‍ ഖുര്‍ആന്‍ പ്രമേയമായി നടത്തപ്പെടുന്ന കേരളത്തിലെ ഏറ്റവും വലിയ സമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സാരഥികളും സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നല്‍കും.

ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിക്കപ്പെടുന്ന 25-ാം രാവില്‍ വൈകുന്നേരം 4 മുതല്‍ നാളെ(ബുധന്‍) പുലര്‍ച്ചെ 1 വരെ നടക്കുന്ന സമ്മേളനത്തില്‍ വിവിധ ആത്മീയ-പ്രാര്‍ഥനാ മജ്ലിസുകളാണ് നടക്കുക. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദിന്റെ പ്രഭാഷണവും ആയിരം ഹാഫിളുകള്‍ നേതൃത്വം നല്‍കുന്ന ഗ്രാന്‍ഡ് ഖത്മുള്‍ ഖുര്‍ആന്‍ സദസ്സും സമ്മേളനത്തിന്റെ മുഖ്യ പരിപാടികളാണ്.

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഖുര്‍ആന്‍ പഠനകേന്ദ്രങ്ങളില്‍ ഒന്നായ മര്‍കസ് ഖുര്‍ആന്‍ അക്കാദമിയില്‍ നിന്ന് ഇതിനകം 2500 ഓളം പേരാണ് പഠനം പൂര്‍ത്തിയാക്കിയത്. 29 ക്യാമ്പസുകളിലായി 900 ലധികം വിദ്യാര്‍ഥികള്‍ പഠനം തുടരുകയും ചെയ്യുന്നു. ഈജിപ്ത്, യു.എ.ഇ, ലിബിയ, ബഹ്റൈന്‍, കുവൈത്ത്, ടാന്‍സാനിയ, ജര്‍മനി തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരങ്ങളില്‍ മര്‍കസ് വിദ്യാര്‍ഥികള്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ഉന്നത സ്ഥാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ വിദേശ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകള്‍ക്ക് കീഴിലെ മസ്ജിദുകളില്‍ നൂറിലധികം മര്‍കസ് ഹാഫിളുകള്‍ സേവനമനുഷ്ടിക്കുന്നുണ്ട്.

അസര്‍ നിസ്‌കാര ശേഷം ആരംഭിക്കുന്ന സമ്മേളന പരിപാടികള്‍ സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശേഷം പതിവ് ആരാധനകളെ കൂടാതെ വിര്‍ദുല്‍ ലത്വീഫ്, മരണപ്പെട്ടവരുടെ പേരിലുള്ള യാസീന്‍ ദുആ, ഇഫ്ത്വാര്‍, അവ്വാബീന്‍-തസ്ബീഹ് നിസ്‌കാരം, ഹദ്ദാദ് റാത്തീബ്, ഖസീദതുല്‍ വിത്രിയ്യ പാരായണം എന്നിവ നടക്കും. വിവിധ പാരായണ ശൈലിയില്‍ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്.

ജോര്‍ദ്ദാന്‍, താന്‍സാനിയ, ഇന്തോനേഷ്യ എന്നീ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് തെളിയിച്ച ഹാഫിള് സൈനുല്‍ ആബിദ്, ഹാഫിള് ത്വാഹാ ഉവൈസ്, ഹാഫിസ ആഇശ ഇസ്സ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. എമിറേറ്റ്‌സ് ചാരിറ്റബിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍, പെരളശ്ശേരി മര്‍കസ് ഹിഫ്‌ള് അക്കാദമിയില്‍ നിന്ന് 18 മാസം കൊണ്ട് ഹിഫ്‌ള് പൂര്‍ത്തിയാക്കിയ റാഹിദ് അലി ഓണപ്പറമ്പ്, മുഹമ്മദ് നസീഹ് മുജ്തബ തോഡാര്‍, 37 ദൗറ പൂര്‍ത്തിയാക്കിയ മപ്രം ബുഖാരിയ്യ ഹിഫ്‌ള് അക്കാദമിയിലെ ഹാഫിള് സാബിത് മഞ്ചേരി എന്നിവര്‍ക്ക് സമ്മേളനത്തിന്റെ ഉപഹാരം കൈമാറും.

രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ഹിഫ്‌ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കും.

സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ബദ്രിയ്യത്ത് പാരായണത്തിന് നേതൃത്വം നല്‍കും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാര്‍ഥനക്കും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം വഹിക്കും. പ്രാസ്ഥാനിക നേതാക്കളും ജാമിഅ മര്‍കസ് മുദരിസുമാരും സംബന്ധിക്കുന്ന സമ്മേനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുക്കും.