കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ പ്രമേയമായി സംഘടിപ്പിക്കപെടുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ആത്മീയ സദസ്സായ മര്‍കസ് ഖുര്‍ആന്‍ സമ്മേളനത്തിന് തുടക്കം. അസര്‍ നിസ്‌കാരാനന്തരം കാമില്‍ ഇജ്തിമയില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഖുര്‍ആന്‍ വിളംബരം ചെയ്യുന്ന ജീവിതക്രമം അനുസരിച്ച് ജീവിക്കാന്‍ ബാധ്യതയുള്ളവരാണ് വിശ്വാസികള്‍ എന്നും സ്വസ്ഥമായ സാമൂഹിക ക്രമവും പരലോക വിജയവും സാധ്യമാവാന്‍ ഖുര്‍ആന്‍ പാഠങ്ങള്‍ മുറുകെ പിടിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. ശേഷം നടന്ന ഹിഫ്‌ള് വിദ്യാര്‍ഥികളുടെ ദസ്തര്‍ ബന്ദി ചടങ്ങിന് സുല്‍ത്വാനുല്‍ ഉലമ കാന്തപുരം ഉസ്താദ് നേതൃത്വം നല്‍കി. അബൂബക്കര്‍ സഖാഫി പന്നൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, വി എം റശീദ് സഖാഫി, ഉനൈസ് മുഹമ്മദ് സംബന്ധിച്ചു.

മസ്ജിദുല്‍ ഹാമിലിയില്‍ നടന്ന വിര്‍ദു ലത്വീഫ് സദസ്സിന് സയ്യിദ് അബ്ദു സ്വബൂര്‍ ബാഹസന്‍ അവേലംവും മരണപ്പെട്ടവരുടെ പേരില്‍ നടന്ന യാസീന്‍ ദുആക്ക് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിയും നേതൃത്വം നല്‍കി. സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഖാരിഅ അബ്ദുറഊഫ് സഖാഫി, ബശീര്‍ സഖാഫി എ ആര്‍ നഗര്‍ സംബന്ധിച്ചു.

ഇഫ്ത്വാറിന് ശേഷം പതിവ് ആരാധനകളെ കൂടാതെ അവ്വാബീന്‍-തസ്ബീഹ് നിസ്‌കാരം, ഹദ്ദാദ് റാത്തീബ്, ഖസീദതുല്‍ വിത്രിയ്യ പാരായണം എന്നിവ നടക്കും. വിവിധ പാരായണ ശൈലിയില്‍ പ്രമുഖ ഖാരിഉകളുടെ നേതൃത്വത്തിലുള്ള ഖുര്‍ആന്‍ ആസ്വാദന സദസ്സും സമ്മേളനത്തിന്റെ ഭാഗമാണ്. ജോര്‍ദ്ദാന്‍, താന്‍സാനിയ, ഇന്തോനേഷ്യ എന്നീ അന്താരാഷ്ട്ര മത്സരങ്ങളില്‍ മികവ് തെളിയിച്ച ഹാഫിള് സൈനുല്‍ ആബിദ്, ഹാഫിള് ത്വാഹാ ഉവൈസ്, ഹാഫിസ ആഇശ ഇസ്സ എന്നിവരെ സമ്മേളനത്തില്‍ ആദരിക്കും. എമിറേറ്റ്‌സ് ചാരിറ്റബിള്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ഹിഫ്‌ള് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവര്‍, പെരളശ്ശേരി മര്‍കസ് ഹിഫ്‌ള് അക്കാദമിയില്‍ നിന്ന് 18 മാസം കൊണ്ട് ഹിഫ്‌ള് പൂര്‍ത്തിയാക്കിയ റാഹിദ് അലി ഓണപ്പറമ്പ്, മുഹമ്മദ് നസീഹ് മുജ്തബ തോഡാര്‍, 37 ദൗറ പൂര്‍ത്തിയാക്കിയ മപ്രം ബുഖാരിയ്യ ഹിഫ്‌ള് അക്കാദമിയിലെ ഹാഫിള് സാബിത് മഞ്ചേരി എന്നിവര്‍ക്ക് സമ്മേളനത്തിന്റെ ഉപഹാരം കൈമാറും.

രാത്രി പത്തിന് സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ഹിഫ്‌ള് സനദ് ദാനവും പൊതുസമ്മേളനവും ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അധ്യക്ഷത വഹിക്കും. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഖുര്‍ആന്‍ പ്രഭാഷണം നിര്‍വഹിക്കും. സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ ബദ്രിയ്യത്ത് പാരായണത്തിന് നേതൃത്വം നല്‍കും. സനദ് ദാനത്തിനും സമാപന പ്രഭാഷണത്തിനും പ്രാര്‍ഥനക്കും സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം വഹിക്കും. പ്രാസ്ഥാനിക നേതാക്കളും ജാമിഅ മര്‍കസ് മുദരിസുമാരും സംബന്ധിക്കുന്ന സമ്മേനത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ആയിരങ്ങള്‍ പങ്കെടുക്കും. സമ്മേളനം തത്സമയം മര്‍കസ് ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ലഭിക്കും. https://www.youtube.com/markazonline