- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാക്കിയിട്ടവര്‍ക്കെല്ലാം ജനങ്ങളെ കൈകാര്യം ചെയ്യാനാവില്ല:കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: കാക്കിയിട്ടവര്‍ക്കെല്ലാം ജനങ്ങളെ കൈകാര്യം ചെയ്യാനുള്ള അധികാരം നല്‍കാന്‍ വനംവകുപ്പ് നടത്തുന്ന ശ്രമം, സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനവും, ഭരണഘടനാ വിരുദ്ധവും, പൗരാവകാശ ലംഘനവും, ആധികാര ദുര്‍വിനിയോഗവും ആണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആരോപിച്ചു.
പോലീസിനെ നോക്കുകുത്തിയാക്കി, കേരളത്തിലെവിടെയും ഒരു രേഖയുമില്ലാതെ പരിശോധന നടത്താനും, വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും, എത്ര ദിവസം വേണമെങ്കിലും കസ്റ്റഡിയില്‍ വയ്ക്കാനും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കാനുള്ള വനംവകുപ്പിന്റെ ശ്രമം, കിരാതവും ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ട്ടിക്കുന്നതുമാണ്; അത് ഒരുകാരണവശാലും അനുവദിക്കാനാവില്ല.
തേന്‍ ശേഖരിക്കുന്ന കര്‍ഷകരേയും വനസാമീപ്യമുള്ള നദികളിലെ മീന്‍ പിടിത്ത നിരോധനവുമടക്കം, തദ്ദേശവാസികളെ സാരമായി ബാധിക്കുന്ന, അപ്രായോഗികവും അബദ്ധജഡിലവുമായ നിരവധി നിര്‍ദ്ദേശങ്ങളാണ് വിജ്ഞാപനത്തിലുള്ളത്.
മലയോരമേഖലകളില്‍ അദ്ധ്വാനിച്ച് ജീവിക്കുന്ന കര്‍ഷകരെ ശത്രുക്കളായി കാണുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരുടേയും, സ്ഥാപിത താല്‍പ്പര്യക്കാരുടേയും കറുത്ത കരങ്ങള്‍ ഇത്തരം കരിനിയമങ്ങള്‍ക്ക് പിന്നില്‍ സംശയിക്കേണ്ടിയിരിക്കുന്നു.
ട്രാഫിക്ക് നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, അഗ്നിശമന ചട്ടങ്ങളുടെ പേരില്‍ ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും, നാട്ടുകാരെ അറസ്റ്റ് ചെയ്യാമെന്ന് പറയുന്നപോലെ അപഹാസ്യമാണ് വനംവകുപ്പിന്റെ അവകാശവാദങ്ങള്‍. ഇക്കാര്യത്തില്‍ വനംവകുപ്പ് മന്ത്രിയെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതായാണ് വിശ്വസിക്കേണ്ടത്.
വന്യജീവി ഭീഷണിയില്‍ പൊറുതിമുട്ടിയിരിക്കുന്ന കര്‍ഷകരെ, ആത്മഹത്യയിലേക്ക് നയിക്കുന്ന ഇത്തരം മനുഷ്യദ്രോഹ നയങ്ങളുടെ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി, ജനപക്ഷത്ത് നില്‍ക്കാന്‍ വനം മന്ത്രി തയ്യാറാകണം: കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു.