തിരുവനന്തപുരം: സര്‍ക്കാറിന്റെ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ ആരായുക എന്ന പേരില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടത്താനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള സര്‍വേ നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എല്‍.ഡി.ഫിന്റെ ക്യാമ്പയിനാക്കുക എന്ന സ്വഭാവത്തിലാണ് ആവിഷ്‌ക്കരിക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി കുറ്റപ്പെടുത്തി.

സര്‍വേ നടത്താനായുള്ള കര്‍മസേനയിലേക്ക് എല്‍.ഡി.എഫ് അനുഭാവികളെ കണ്ടെത്തണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം. ഭരണത്തിന്റെ തണലില്‍ നിന്ന് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നതടക്കം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സി.പി.എമ്മിന്റെ ചെയ്തികള്‍ തന്നെയാണ് നവകേരള സര്‍വേ കര്‍മസേന നിയമനത്തിലും പ്രകടമാവുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല. 20 കോടി രൂപ സര്‍വേ നടത്തിപ്പിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പൊതുഖജനാവില്‍ നിന്നുള്ള ഈ പണമുപയോഗിച്ച് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനാണ് സി.പി.എം നീക്കം.

നിയമസഭ ഇലക്ഷന് തൊട്ടുമുന്നേ നടക്കുന്ന സര്‍വേയില്‍ പാര്‍ട്ടി അനുഭാവികളെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രകാരം സംസ്ഥാനത്തെ 80 ലക്ഷത്തോളം വീടുകളില്‍ എത്തിച്ചാല്‍ എല്‍.ഡി.എഫിന് മികച്ച തെരഞ്ഞെടുപ്പ് ക്യാമ്പയിനാണ് ലഭ്യമാവുക. സര്‍വേ മേല്‍നോട്ടത്തിനായി ജില്ല-മണ്ഡല-തദ്ദേശ സ്ഥാപന തലങ്ങളില്‍ രൂപീകരിക്കുന്ന ഉദ്യോഗസ്ഥരടക്കം ഉള്‍പ്പെട്ട കര്‍മസേനയിലെ അംഗങ്ങളുടെ ലിസ്റ്റും സി.പി.എം തന്നെയാണ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ എ.കെ.ജി സെന്ററില്‍ നിന്നുള്ള ലിസ്റ്റ് വെച്ചാണ് സര്‍ക്കാര്‍ നവകേരള സര്‍വേ നടത്താന്‍ പോകുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

10 വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന്റെ ഭരണക്കാലം കേരളത്തിലെ ജനങ്ങള്‍ക്ക് അങ്ങേയറ്റം ദുരിതമാണ് വിതച്ചതെന്ന് ബോധ്യമുള്ളതിനാലാണ് പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് സര്‍വേയുടെ മറവില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ നടത്തിച്ച് സി.പി.എം മുഖം രക്ഷിക്കാന്‍ നോക്കുന്നതെന്നും ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും റസാഖ് പാലേരി കൂട്ടിച്ചേര്‍ത്തു.