കൊച്ചി: മദ്യവും മയക്കുമരുന്നും കുത്തിനിറച്ച സിനിമകൾ ഉൾപ്പെടെയുള്ള ആധുനിക ദൃശ്യമാധ്യമ സംസ്‌കാരം പുതുതലമുറയെ നാശത്തിന്റെ വഴികളിലേക്ക് തള്ളിവിടുന്നുവെന്നും ഭരണസംവിധാനങ്ങളും ജനപ്രതിനിധികളും സാമൂഹ്യ സമുദായിക സാംസ്‌കാരിക നേതൃത്വങ്ങളും ഇതിനെതിരെ രംഗത്തുവരണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്ന പുതുതലമുറയുടെ എണ്ണം സംസ്ഥാനത്ത് ക്രമാതീതമായി ഉയരുന്നത് നിസ്സാരവൽക്കരിക്കരുത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ ഇന്ന് സജീവമാണെന്ന് ദിവസം തോറുമുള്ള സംഭവങ്ങളും കണക്കുകളും സൂചിപ്പിക്കുന്നു. ബുദ്ധിയും പ്രാഗൽഭ്യവുമുള്ളവർ നാടുവിട്ടോടുമ്പോൾ കേരളത്തിനെ മാത്രം ആശ്രയിക്കുന്ന യുവത്വത്തെ വെല്ലുവിളിക്കുന്ന അധോലോക ഭീകരവാദ അജണ്ടകൾ മയക്കുമരുന്നുകളുടെ രൂപത്തിൽ ശക്തി പ്രാപിക്കുന്നത് ഞെട്ടിക്കുന്നതും ആശങ്കൾ സൃഷ്ടിക്കുന്നതുമാണ്. മയക്കുമരുന്ന് ഉല്പന്നങ്ങൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്നതിന് സർക്കാർ രേഖകളും കണക്കുകളുമുണ്ട്.. ഒരു തലമുറയെ ഒന്നാകെ നാശത്തിലേക്ക് തള്ളിവിടാൻ ഭരണ സംവിധാനങ്ങൾ കൂട്ടുനിൽക്കരുത്.

അടുത്ത നാളുകളിൽ പുറത്തിറങ്ങിയ ചില സിനിമകളും മയക്കുമരുന്നിന്റെ ഉപയോഗം ഉയർത്തിക്കാട്ടി യുവസമൂഹത്തിൽ സാമൂഹ്യ തിന്മകളോട് ആവേശം ഉണ്ടാക്കുവാൻ ശ്രമിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്. സാമൂഹ്യ വിപത്തുകളെ ചൂണ്ടിക്കാട്ടി സമൂഹത്തിന് ശരിയായ വഴികൾ തുറന്നു കൊടുക്കേണ്ടവരാണ് ദൃശ്യമാധ്യമ പ്രവർത്തകർ. സംസ്ഥാനത്തുടനീളം നടക്കുന്ന കൊലപാതക പ്രതികൾ, ഭീകരവാദവുമായി ബന്ധപ്പെട്ട അറസ്റ്റിലായവർ, വിവിധ കേന്ദ്രങ്ങളിലെ അക്രമങ്ങളിൽ പങ്കുചേർന്നവർ ഇവരിലേറെയും മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണ്. ചിലരാകട്ടെ, ചില നിരോധിത ഭീകരവാദ പ്രസ്ഥാനങ്ങളുടെ കണ്ണികളെന്ന് സംശയിക്കപ്പെടുന്നു.

മദ്യത്തിന്റെ ഉപയോഗം പോലും സംസ്ഥാനത്ത് സുലഭമായിരിക്കുമ്പോൾ ഭാവിയിൽ വലിയ അരക്ഷിതാവസ്ഥയും ജീർണ്ണതയും കലഹങ്ങളും കുടുംബങ്ങളിലും സമൂഹത്തിലും രൂപപ്പെടുമെന്നും ഭാവി പ്രതീക്ഷകളേകി പൊതുസമൂഹത്തിന് വഴിതെളിക്കാൻ ഉത്തരവാദിത്തപ്പെട്ടവർ അവരെ വഴിതെറ്റിക്കാൻ കൂട്ടുനിൽക്കരുതെന്നും ഈ സാമൂഹ്യവിപത്തിനെതിരെ പൊതുസമൂഹം ഉണരണമെന്നും വി സി സെബാസ്റ്റ്യൻ പറഞ്ഞു.