തിരുവനന്തപുരം, മെയ് 24, 2024: തിരുവനന്തപുരം ആസ്ഥനമായി പ്രവർത്തിക്കുന്ന ഡിഫറന്റ് ആർട് സെന്ററിൽ തൊഴിൽ ശാക്തീകരണ പദ്ധതിയായ ഇമേജിന് തുടക്കമായി. ടൂൺസ് അക്കാദമിയുടെ സഹകരണത്തോടെ ഗ്രാഫിക് ഡിസൈൻ, വീഡിയോ എഡിറ്റിങ് പരിശീലന പരിപാടിയോടെയാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. ഭിന്നശേഷിക്കാർക്ക് സ്വന്തമായി സംരംഭങ്ങൾ ആരംഭിക്കുവാനും അതിലൂടെ അവർക്ക് വരുമാനം കണ്ടെത്തുവാനും സ്വയം പര്യാപ്തരാകാനുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഭിന്നശേഷിക്കാർക്കായി സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനുള്ള എല്ലാവിധ പ്രോത്സാഹനങ്ങളും സർക്കാർ തലത്തിൽ നൽകുന്നുണ്ടെന്നും അത്തരത്തിൽ ഇമേജ് പദ്ധതി ഭിന്നശേഷിക്കാർക്കുള്ള ഒരു നൂതന പരിശീലന പദ്ധതിയാണെന്നും, പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച സാങ്കേതിക വിദ്യ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ ഐ.എ.എസ് പറഞ്ഞു.

ഡിഫറന്റ് ആർട് സെന്ററിലെ ഇരുപതോളം ഭിന്നശേഷിക്കാരെയാണ് ആദ്യഘട്ടത്തിൽ പരിശീലിപ്പിക്കുന്നത്. ഇതിനായി ടൂൺസ് അക്കാദമിയിൽ നിന്നും വിദഗ്ദ്ധരായ ഫാക്കൾറ്റികളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ചടങ്ങിൽ ടൂൺസ് അക്കാദമി വൈസ് പ്രസിഡന്റ് വിനോദ് എ.എസ്, സെന്റർ ടീം ഹെഡ് അജിത് കുമാർ.സി, ഫാക്കൽറ്റി ഷെമിൻ, ഡിഫറന്റ് ആർട് സെന്റർ എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഇന്റർവെൻഷൻ ഡയറക്ടർ, ഡോ. അനിൽ നായർ, മാനേജർ സുനിൽരാജ് സി.കെ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പരമാവധി തൊഴിൽ സാധ്യത ഉറപ്പുവരുത്തുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.