കൊച്ചി: തീവ്രാസക്തി എരിയിച്ചു ഐതിഹ്യാഖ്യാനം 'ജ്വാലാമുഖി' എറണാകുളം ടിഡിഎം ഹാളിൽ അരങ്ങേറി. നർത്തകി അഡ്വ. പാർവ്വതി മേനോൻ ആശയവും സൃഷ്ടിയും നിർവ്വഹിച്ച ഏകാംഗ കുച്ചിപ്പുടി ഡ്രാമയായ 'ജ്വാലാമുഖി'യിൽശിവ പുരാണത്തിലെ സതി പ്രമേയമായി.

അഡ്വ. പാർവ്വതി അവതരിപ്പിച്ച വേറിട്ട കൃതിയായി 'ജ്വാലാമുഖി'. കുച്ചിപ്പുടിയുടെ സമസ്ത തലങ്ങളും ഉൾക്കൊണ്ട സംവേദനാത്മക കൊറിയോഗ്രാഫിയിൽ നർത്തകി തന്നെ അപൂർവ്വമായ വാചിക അഭിനയം അവതരിപ്പിച്ചു. ഇത് കുച്ചിപ്പുടിയുടെ അപൂർവ്വ ചാരുതയൊരുക്കി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹരിശങ്കർ വി മേനോന്റെയും അഭിഭാഷക മീര മേനോന്റെയും മകളാണ് മൂന്നു വയസുമുതൽ നൃത്തം അഭ്യസിക്കുന്ന പർവ്വതി മേനോൻ.

സംഗീതം ഒരുക്കിയത് ബിജീഷ് കൃഷ്ണ. താളരചന കലാമണ്ഡലം ചാരുദത്തും ആർഎൽവി ഹേമന്ത് ലക്ഷ്മണും. എട്ട് അംഗങ്ങൾ ഉൾപ്പെടുന്ന ലൈവ് ഓർക്കസ്ട്രയിലായിരുന്നു 'ജ്വാലാമുഖി' അവതരണം.

കുച്ചിപ്പുടി നർത്തകി അഡ്വ. പാർവ്വതി മേനോൻ കലാമണ്ഡലം മോഹനതുളസിയുടെയും കലാരത്ന എ ബി ബാലകൊണ്ടല റാവു എന്നിവരുടെ ശിഷ്യയാണ്. ഗണിതശാസ്ത്രത്തിൽ ബിരുദധാരിയായ പാർവ്വതി കേരള ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുകയമാണ്. കുച്ചിപ്പുടിയിൽ ഡിപ്ലോമയും നേടിയ പാർവതി യുവകലാകാരന്മാർക്കുള്ള സിസിആർടി സ്‌കോളർഷിപ്പിന് അർഹയാണ്. നിലവിൽ പത്മവിഭൂഷൺ ഡോ. പത്മസുബ്രഹ്മണ്യത്തിന്റെ കീഴിൽ കരണങ്ങൾ അഭ്യസിക്കുന്നു.

സതിയുടേത് പോലെ ശക്തമത്തായ വേഷം 'ജ്വാലാമുഖി'യിൽ അവതരിപ്പിക്കാനായതിൽ അതീവചാരിതാർഥ്യം ഉണ്ടെന്നു പാർവ്വതി പറഞ്ഞു. ഭരതനാട്യത്തിൽ തുടങ്ങിയ പാർവ്വതിയുടെ താത്പര്യം പിന്നീട് കുച്ചിപ്പുടിയിലേക്ക് മാറുകയായിരുന്നു. കുച്ചിപ്പുടിക്ക് തനത് തലങ്ങളും ഘടനയുമുണ്ട്. അഭിനയത്തോട് ഇഷ്ടമുള്ളതിനാൽ അതിനവസരവും കുച്ചിപ്പുടി ഒരുക്കുന്നുണ്ടെന്നും അഡ്വ. പാർവ്വതി മേനോൻ അഭിപ്രായപ്പെട്ടു.