തിരുവനന്തപുരം, മെയ് 31, 2024: ഡിഫറന്റ് ആർട് സെന്ററിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥി വരുൺ രവീന്ദ്രന്റെ കർണാടക സംഗീത കച്ചേരിക്ക് പിന്തുണയുമായി പ്രശസ്ത സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ഗഞ്ചിറ വാദനം കാണികൾക്ക് പുതുഅനുഭവമായി. എം.ജെ മ്യൂസിക്ക് സോണും ഡിഫറന്റ് ആർട് സെന്ററും സംയുക്തമായി സംഘടിപ്പിച്ച വർണം എന്ന സംഗീത പരിപാടിയിലാണ് സംഗീത പ്രേമികളെ ഒന്നടങ്കം ഹരം കൊള്ളിച്ച വിസ്മയ പ്രകടനം അരങ്ങേറിയത്.

ഓട്ടിസമെന്ന പരിമിതിയെ മറികടന്ന് കൃത്യമായ താളബോധത്തോടെയും ശ്രുതിശുദ്ധമായും കീർത്തനങ്ങൾ ആലപിച്ച് വരുൺ കാണികളുടെ ഹൃദയം കവർന്നു. ഗണപതിയെ സ്തുതിച്ചു കൊണ്ടാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് സരസ്വതി - ദേവീ സ്തുതികൾ അൽപ്പം പോലും പിഴയ്ക്കാതെ വരുൺ ആലപിച്ചു. ഗഞ്ചിറയുടെ പിന്തുണയുമായി എം. ജയചന്ദ്രനും മൃദംഗത്തിൽ വരുണിന്റെ ഗുരു കൊല്ലം ജി.എസ് ബാലമുരളിയും വയലിനിൽ അന്നപൂർണയും ഒപ്പം ചേർന്നതോടെ വരുണിന്റെ കച്ചേരി ശ്രുതിമധുരമായി.

വർണം പരിപാടി പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. അതിമനോഹരമായ പാൽപ്പായസം കുടിച്ച പ്രതീതിയായിരുന്നു വരുണിന്റെ ആലാപനം. ഇത്രയും ശ്രേഷ്ഠമായ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതീവ സന്തുഷ്ടനാണ്. വരുണിന്റെ ആലാപനമികവിൽ ഗുരുവിനും രക്ഷിതാക്കൾക്കും അഭിമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കച്ചേരിക്കുശേഷം കൈതപ്രം വരുണിനെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമർപ്പണമായി എം. ജയചന്ദ്രൻ ഹാർമോണിയത്തിൽ മെഡ്ലി തീർത്തത് കാണികൾക്ക് ഇരട്ടിമധുരമായി. തുടർന്ന് എം.ജെ മ്യൂസിക്ക് സോണിലെ അദ്ധ്യാപകരും പ്രമുഖ പിന്നണി ഗായകരുമായ രവിശങ്കർ. ആർ, പ്രീത പി.വി, ലാലു സുകുമാർ, സരിത രാജീവ് എന്നിവരുടെ സംഗീത സമർപ്പണവും ചടങ്ങിന്റെ ഭാഗമായി.

ചടങ്ങിൽ ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, അഡൈ്വസറി ബോർഡംഗം ഷൈലാ തോമസ്, റാണി മോഹൻദാസ്, പ്രിയ ജയചന്ദ്രൻ, ശ്രീറാം എന്നിവർ പങ്കെടുത്തു. ഡിഫറന്റ് ആർട് സെന്ററിലെ സംഗീത വിഭാഗത്തിൽ പരിശീലനം നേടിവരുന്ന വരുൺ കഴിഞ്ഞ 3 വർഷമായി എം.ജെ മ്യൂസിക്ക് സോണിലും സംഗീതം അഭ്യസിച്ചുവരികയാണ്. ഡിഫറന്റ് ആർട് സെന്ററിൽ മീരാ വിജയനാണ് വരുണിന്റെ സംഗീത ഗുരു.