കാരന്തൂർ: സിലബസിലുള്ള വിഷയങ്ങൾ സജീവമായി പഠിക്കുന്നതോടൊപ്പം തന്നെ ധാർമിക ജീവിതം ശീലിക്കാനും സമകാലിക സാമൂഹ്യവിഷയങ്ങളിൽ അവബോധമുള്ളവരാവാനും വിദ്യാർത്ഥികൾ ഉത്സാഹിക്കണമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മർകസ് ബോയ്‌സ് സ്‌കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മികച്ച ഭാവിയുള്ളവരാവാനും വരുന്നകാലത്ത് ചലനങ്ങൾ സൃഷ്ടിക്കാനും വിദ്യാരംഭ കാലം മുതൽ തന്നെ പഠനത്തിൽ സജീവമായി ശ്രദ്ധിക്കണം. ഇക്കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയെഴുതിയ മുഴുവൻ പേരും വിജയികളായതും 37 പേർ മുഴുവൻ എ പ്ലസ് നേടിയതും സ്‌കൂളിന്റെ മികവ് തെളിയിക്കുന്നതാണെന്നും കാന്തപുരം പറഞ്ഞു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരെയും ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു. എസ്. പി. സി, സ്‌കൗട്ട്, ജെ. ആർ. സി, എൻ. സി. സി കേഡറ്റുകൾ നവാഗതരെ വരവേറ്റു.

മർകസ് കാമിൽ ഇജ്തിമയിൽ നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഷമീം കെകെ അധ്യക്ഷത വഹിച്ചു. അക്‌ബർ ബാദുഷ സഖാഫി, അശ്റഫ് കാരന്തൂർ, കോയ മാസ്റ്റർ, സലീം മടവൂർ, ഹാശിദ് മാസ്റ്റർ സംബന്ധിച്ചു. ഹെഡ്‌മാസ്റ്റർ അബ്ദുൽനാസർ സ്വാഗതവും പി സി റഹീം മാസ്റ്റർ നന്ദിയും പറഞ്ഞു.

മർകസ് അഹ്ദലിയ്യ സമാപിച്ചു

കോഴിക്കോട്: മർകസിലെ മാസാന്ത ആത്മീയ സംഗമമായ അഹ്ദലിയ്യ സമാപിച്ചു. പൊതുജനങ്ങളും വിദ്യാർത്ഥികളുമടക്കം ആയിരത്തിലധികം പേർ പങ്കെടുത്ത സംഗമം സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിശുദ്ധ ഹജ്ജ് കർമം നടക്കുന്ന ദുൽഹിജ്ജയിലെ ആദ്യ പകുതി ഏറെ മഹത്തായ ദിനങ്ങളാണെന്നും ആരാധനകളാൽ ധന്യമാക്കി വിശ്വാസികൾ അത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തി. മർകസിന്റെ ഉറ്റ സഹകാരികളെയും പ്രവർത്തകരെയും സംഗമത്തിൽ അനുസ്മരിച്ചു. മഹ്‌ളറത്തുൽ ബദ്രിയ്യക്ക് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, വി പി എം ഫൈസി വില്യാപ്പള്ളി നേതൃത്വം നൽകി. പി സി അബ്ദുല്ല ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, ഉമറലി സഖാഫി എടപ്പുലം, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, നൗശാദ് സഖാഫി കൂരാറ, അബ്ദുല്ല സഖാഫി മലയമ്മ, അബ്ദുല്ലത്തീഫ് സഖാഫി പെരുമുഖം, ഉസ്മാൻ സഖാഫി വേങ്ങര സംബന്ധിച്ചു.