തിരുവനന്തപുരം, ജൂൺ 5, 2024 : ഡിഫറന്റ് ആർട്ട് സെന്ററിൽ ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കഫെറ്റീരിയയുടെ - അപ് കഫേ - ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേശ് കുമാർ നിർവഹിക്കും. കടകംപള്ളി സുരേന്ദ്രൻ എംഎ‍ൽഎ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡി.എ.സി എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ സുനിൽരാജ്. സി .കെ, ഇന്റർവെൻഷൻ ഡയറക്ടർ അനിൽ നായർ തുടങ്ങിയവർ പങ്കെടുക്കും. ഭിന്നശേഷിക്കുട്ടികളുടെ തൊഴിൽ നൈപുണികൾ വളർത്തുന്നതിനും സ്വയം പര്യാപ്തരാക്കുന്നതിനുമായാണ് ഈ പദ്ധതി ആരംഭിക്കുന്നത്.

ആദ്യഘട്ടത്തിൽ ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികളെയാണ് കഫെറ്റീരിയയുടെ ഭാഗമാക്കുന്നത്. ഒരു കഫെറ്റീരിയയിൽ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും പൂർത്തിയാക്കിയാണ് ഇവർ കഫെറ്റീരിയയിൽ പ്രവർത്തിക്കുക. സന്ദർശകരെ ക്ഷണിച്ചിരുത്തുന്നതു മുതൽ അവർക്കു വേണ്ട ഭക്ഷണങ്ങൾ വിതരണം ചെയ്തും അതു കഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതു വരെയുള്ള എല്ലാ ജോലികളും ഭിന്നശേഷിക്കാർ തന്നെ നിർവഹിക്കും. പഴയ ഒരു വാഹനത്തെയാണ് കഫെറ്റീരിയയായി രൂപാന്തരം ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ചോളം പേർക്ക് ഒരേ സമയം ലഘുഭക്ഷണം കഴിക്കാം. ഒരു അടുക്കളയും ഇതിനകത്തുണ്ട്.