- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഫറന്റ് ആർട്ട് സെന്ററിൽ ഭിന്നശേഷിക്കാരുടെ അപ്പ് കഫേ മന്ത്രി ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം, ജൂൺ 6, 2024: ഡിഫറന്റ് ആർട് സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേശ് കുമാർ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ സമസ്ത മേഖലയെയും ശാക്തീകരിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഡിഫറന്റ് ആർട് സെന്ററിൽ നടക്കുന്നതെന്നും അന്തർദ്ദേശീയ നിലവാരത്തിൽ ഇതൊക്കെ ക്രമീകരിച്ചിരിക്കുന്നത് കാണുമ്പോൾ അത്ഭുതമാണ് തോന്നുന്നതെന്നും ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആർട് സെന്റർ കേരളത്തിന് ഒരഭിമാന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ് കഫെയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയായി കെ.എസ്.ആർ.ടി.സിയിൽ നിന്നും ഒരു സി.എൻ.ജി ബസ് നൽകാമെന്നും മന്ത്രി ചടങ്ങിൽ പറഞ്ഞു. അപ് കഫേയുടെ പ്രവർത്തനങ്ങൾ ഇവിടെ മാത്രം ഒതുക്കാതെ അത് പുറംലോകത്ത് കൂടി എത്തേണ്ടതുണ്ടെന്നും അതോടൊപ്പം ഈ കുട്ടികളുടെ അമ്മമാർ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ കൂടി ഈ ബസിൽ ക്രമീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഭിന്നശേഷിക്കുട്ടികളുടെ തൊഴിൽ നൈപുണ്യം വളർത്തുന്നതിനും അവരെ സ്വയം പര്യാപ്തരാക്കുന്നതിനുമായാണ് സംരംഭം ആരംഭിച്ചത്. പഴയൊരു വാഹനത്തെയാണ് കഫെറ്റീരിയയായി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കഫെറ്റീരിയയിൽ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും പൂർത്തിയാക്കിയാണ് കുട്ടികൾ പ്രവർത്തിക്കുക. ഇരുപത്തിയഞ്ചോളം പേർക്ക് ഒരേ സമയം ഇരുന്ന് ലഘുഭക്ഷണം കഴിക്കാനാവുന്ന സജീകരണങ്ങളാണ് കഫെറ്റീരിയയിൽ ഒരുക്കിയിട്ടുള്ളത്.
ഇതൊരു സ്വപ്ന സംരംഭം ആയിരുന്നുവെന്നും ഈ ആശയം ജപ്പാൻ സന്ദർശന വേളയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ആരംഭിച്ചതെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.എ.സി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, മാനേജർ സുനിൽരാജ്. സി .കെ, ഇന്റർവെൻഷൻ ഡയറക്ടർ അനിൽ നായർ തുടങ്ങിയവർ പങ്കെടുത്തു. അപ് കഫെറ്റീരിയയിലെത്തുന്ന സന്ദർശകരുടെ ആവശ്യാനുസരണം ചായയും കോഫിയും ചെറുകടികളും ഇവിടെ നിന്നും ലഭിക്കും. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30വരെയാണ് കഫേ പ്രവർത്തിക്കുന്നത്. ഒരു കഫെറ്റീരിയയിൽ പെരുമാറേണ്ട എല്ലാവിധ പരിശീലനങ്ങളും സെന്റർ കൃത്യമായി കുട്ടികൾക്ക് നൽകിയിട്ടുണ്ട്. സന്ദർശകരെ ക്ഷണിച്ചിരുത്തുന്നതുമുതൽ അവർക്കുവേണ്ട ഭക്ഷണങ്ങൾ വിതരണം ചെയ്തും അതുകഴിഞ്ഞ് മേശയും ഇരിപ്പിടവും വൃത്തിയാക്കുന്നതുവരെയുള്ള എല്ലാ ജോലികളും ഭിന്നശേഷിക്കാർ തന്നെയാണ് ചെയ്യുന്നത്.
സെന്ററിലെ ടോണി സിറിൽ, കണ്ണൻ.വി, തുഷാര സ്റ്റാലിൻ, ജയലക്ഷ്മി.റ്റി.ജി, ശ്രീധിൻ പി.വി, അരവിന്ദ് എസ്.എസ്, റെൻ കാർത്തിക്, ബിനീഷ് എസ്.ബി, അഗ്നീഷ് വി.നാഥ് എന്നീ കുട്ടികളാണ് നിലവിൽ തൊഴിൽ പരിശീലനം നേടുന്നത്. സെന്ററിലെ മറ്റ് ഡൗൺസിൻഡ്രോം കുട്ടികളെയും പരിശീലിപ്പിക്കും. കുട്ടികൾക്ക് മാജിക് പ്ലാനറ്റിലും പുറത്തും ഇത്തരത്തിലുള്ള കഫെറ്റീരിയകളിൽ ജോലിസാധ്യത ഉറപ്പാക്കുന്നതിനായാണ് പരിശീലനം നടപ്പിലാക്കുന്നത്
മാജിക്കിലേയ്ക്ക് മടങ്ങിവരാൻ മുതുകാടിന് മന്ത്രിയുടെ നിവേദനം
തിരുവനന്തപുരം: വിസ്മയങ്ങൾ കൊണ്ട് കാണികളെ അത്ഭുതപ്പെടുത്തുന്ന ഗോപിനാഥ് മുതുകാടിനെ ഇത്തവണ ഞെട്ടിച്ച് മന്ത്രി കെ. ബി ഗണേശ് കുമാർ. മാജിക്കിലേയ്ക്ക് മടങ്ങിവരാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള നിവേദനം നൽകിയാണ് മന്ത്രി മുതുകാടിനെയും കാണികളെയും ഒന്നടങ്കം ഞെട്ടിച്ചത്. ഡിഫറന്റ് ആർട്സെന്ററിലെ ഭിന്നശേഷിക്കാരുടെ നേതൃത്വത്തിൽ ആരംഭിച്ച അപ്പ് കഫേയുടെ ഉദ്ഘാടന ചടങ്ങിലാണ് അത്യന്തം ആവേശം നിറച്ച നിമിഷങ്ങൾ അരങ്ങേറിയത്.
മാജിക്കിന്റെ ലോകത്ത് അപാരമായ സാധ്യതകൾ പരീക്ഷിച്ച് ജനപ്രിയമാക്കിയ കലാകാരൻ മാജിക്കിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് ശരിയല്ലെന്നും അതിനാൽ മാജിക്കിലേയ്ക്ക് തിരിച്ചുവരണമെന്നും തന്റെ ഔദ്യോഗിക ലെറ്റർപാഡിൽ തയ്യാറാക്കിയ നിവേദനത്തിൽ പറയുന്നു. സാധാരണ മന്ത്രിക്കാണ് നിവേദനം നൽകുന്നത്. മന്ത്രി ഒരു കലാകാരന് നിവേദനം നൽകുന്നത് ഇതാദ്യമാണ്. അതിനാൽ മന്ത്രിയുടെ ആവശ്യം തീർച്ചയായും പരിഗണിക്കണം. ഒരു കലാകാരൻ ലൈം ലൈറ്റിൽ നിൽക്കുമ്പോൾ മാത്രമാണ് അതിന്റെ ഗുണം കലയ്ക്കും അതോടൊപ്പം പൊതുജനങ്ങൾക്കും ലഭിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിലേയ്ക്ക് തിരിഞ്ഞെങ്കിലും കലയും കാരുണ്യവും ഒരുപോലെ കൊണ്ടുപോകാൻ കഴിഞ്ഞാൽ അതിന്റെ ഗുണം ഇരുവിഭാഗത്തിനും ലഭിക്കും. കഥാപ്രസംഗത്തിൽ സാംബശിവൻ എന്ന പോലെ മാജിക്കിന് മുതുകാടാണ്. പകരം വയ്ക്കാനില്ലാത്ത ആ കലാകാരൻ ഇന്ദ്രജാലത്തെ ഉപേക്ഷിക്കുവാൻ പാടില്ല. അതുകൊണ്ട് മന്ത്രിയുടെ അഭ്യർത്ഥനയെ മാനിക്കണമെന്നും മന്ത്രി മുതുകാടിനോട് പറഞ്ഞു.
2021 നവംബറിലാണ് മുതുകാട് ഇന്ദ്രജാല രംഗത്തോട് വിടപറഞ്ഞത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കുയർത്തുന്നതിനും അതിനുവേണ്ടി തിരുവനന്തപുരം കഴക്കൂട്ടത്ത് ആരംഭിച്ച ഡിഫറന്റ് ആർട് സെന്ററിന്റെ പ്രവർത്തനങ്ങളിൽ സജീവമാകാനും വേണ്ടിയാണ് അന്ന് മുതുകാട് മാജിക് രംഗത്തുനിന്നും വിടപറഞ്ഞത്. മന്ത്രിയുടെ ആവശ്യത്തെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് മുതുകാട്.