ളിയരങ്ങിൽ ചെണ്ടക്കോലുകൊണ്ട് മേളപ്പദങ്ങൾ രചിച്ച കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ 1924 മെയ് 28ന് തേലക്കാട്ട് മാധവൻ നമ്പൂതിരിയുടെയും വെള്ളി്നേഴി കാവിൽ പൊതുവാട്ടിൽ പാപ്പി എന്ന പാർവതി പൊതുവാൽസ്യാരുടെയും മകനായി ജനിച്ചു. കൃഷ്ണൻകുട്ടി പൊതുവാളുടെ ആദ്യ ഗുരു അമ്മാവനായ കാവിൽ പൊതുവാട്ടിൽ ഗോവിന്ദ പൊതുവാൾ തന്നെയായിരുന്നു. തായമ്പക, കേളി, കൊട്ടിപാടി സേവ, പൂജ കൊട്ട്, മറ്റു ക്ഷേത്ര അടിയന്തരങ്ങൾ തുടങ്ങി എല്ലാ ചടങുകളും ചിട്ടകളും അമ്മാവൻതന്നെ ആയിരുന്നു പഠിപ്പിച്ചത്.

'കഥകളിയിൽ ഉള്ളതെല്ലാം പൊതുവാളിലുണ്ട്. പൊതുവാളിൽ ഇല്ലാത്തതൊന്നും കഥകളിയിൽ ഇല്ല. കഥകളിരംഗം കണ്ട അപൂർവ്വജ്യോതിസ്സിനെ വിശേഷിപ്പിക്കുവാൻ മേൽപ്പറഞ്ഞ രണ്ട് വാചകങ്ങളാണ് ഉത്തമം. പൊതുവാൾ അരങ്ങിന്റെ വലത്തേതലയ്ക്കൽ പിൻഭാഗത്ത് - ഏകാഗ്രത കെടുത്തുന്ന അന്യചിന്തകളിൽ നിന്നും മോചനം ഇച്ഛിക്കുന്നു എന്ന് തോന്നിക്കുമാറ് കണ്ണുകൾ അടച്ച് - നിലയുറപ്പിച്ചാൽ, ഔജ്ജ്വല്യവും ചൈതന്യവും ഇഴുകിച്ചേർന്ന, അതേസമയം ഊക്കോടെ പ്രവഹിക്കുന്ന, ചെണ്ടമേളം നടന്റെ മേനിയിലേയ്ക്ക് ആവേശവും, ഊർജ്ജവും പകരുന്ന കാഴ്ച വിവരണാതീതമാണ്!

മൂത്തമന കേശവൻ നമ്പൂതിരിയുടെ വസന്തകാലം അവസാനിക്കാറായ ഘട്ടത്തിൽ ഒരു വാഗ്ദാനമായി ഉയർന്നുവന്ന പൊതുവാളിന് സ്വന്തം അമ്മാവനായ ഗോവിന്ദ പൊതുവാളിൽ നിന്നാണ് പ്രാഥമീക ശിക്ഷണം ലഭിച്ചത്. മൂത്തമനയുടെ സമ്പ്രദായമാണ് പൊതുവാളും പിന്തുടർന്നതെന്നാണ് പണ്ഡിതമതം. ഈ അനുഗ്രഹീത കലാകാരൻ കലാമണ്ഡലം കളരിയിൽ പ്രവേശിച്ചതോടെ അദ്ദേഹത്തിന്റെ വാസനകൾക്ക് പുഷ്ടി കൈവന്നു.

കഥകളിയുടെ സമ്പ്രദായ ശുദ്ധി പരിപാലിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, വെങ്കിച്ചൻ സ്വാമി എന്നീ പ്രതിഭാധനന്മാരായ ആചാര്യന്മാരുടെ സാങ്കേതീക ജ്ഞാനവും, പ്രയോഗശേഷിയും സശ്രദ്ധം സ്വായത്തമാക്കാൻ പൊതുവാളിന് കഴിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിനു പിൽക്കാലത്ത് തന്റെ പ്രവർത്തിമണ്ഡലത്തിൽ എതിരാളികൾ ഇല്ലാത്ത സമ്രാട്ട് ആയി വാഴുവാൻ സാധിച്ചത്.

പൊതുവാളിനെപ്പോലെ കഥകളിലോകത്ത് ദേശഭേദമന്യേ അംഗീകാരം ലഭിച്ച കലാകാരന്മാർ അപൂർവമാണ്. കഥാപ്രകൃതവും, കഥാപാത്രപ്രകൃതിയും, ചടങ്ങിന്റെ ഗൗരവവും, അർത്ഥപൂർണ്ണമായ ഔചിത്യവും അതീവ -ശ്രദ്ധയോടെ മനസ്സിരുത്തി അവയോട് ഇണങ്ങിച്ചേർന്നു പ്രവർത്തിക്കുന്നത് അദ്ദേഹത്തിന്റെ അനിതരസാധാരണമായ സിദ്ധിയായിരുന്നു.

സമകലീനായ മറ്റൊരു പ്രമാണി കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാളിന്റെ മദ്ദളവും കൃഷ്ണൻകുട്ടി പൊതുവാളിന്റെ ചെണ്ടയും ചെർന്നോരുക്കിയിരുന്ന മേളപ്പദത്തിന്റെ ആശ്ചര്യകരമായ ഗാംഭീര്യം ഒരു കാലത്ത് കഥകളി ആരാധകരെ ആസ്വാദനത്തിന്റെ ഉച്ചസ്ഥായിയിലേയ്ക്ക് ഉയർത്തി രസാനുഭൂതിയുടെ സാഗരത്തിൽ ആറാടിക്കുമായിരുന്നു! എടുത്തുപറയേണ്ട മറ്റൊന്ന് 'കുട്ടിത്രയത്തെ' കുറിച്ചാണ്.

താളത്തിന്റെ കിരാതമൂർത്തിയായ കലാമണ്ഡലം രാമൻകുട്ടിനായരുടെ വേഷവും (പ്രധാനമായി കത്തി വേഷങ്ങൾ), പൊതുവാൾമാരുടെ താളമേളവും ഇഴചേർന്ന ഗാംഭീര്യദ്യോതകമായ കൂട്ടുകെട്ട് അറിയപ്പെട്ടിരുന്നത് 'കുട്ടിത്രയം' എന്നായിരുന്നു. ആ ത്രിമൂർത്തികളുടെ സമ്മേളനരംഗങ്ങളുടെ മാസ്മരീകതn വാക്കുകളിൽ ഒതുക്കുവാൻ അസാധ്യമാണ്.

ചെണ്ടയിലെ അതുല്യമായ പ്രാവിണ്യം പൊതുവാൾ ഔന്നത്യത്തിന്റെ കേവലം ഒരു തലം മാത്രമാണ്! അദ്ദേഹം സംഗീതജ്ഞൻ ആയിരുന്നു. മദ്ദളം വായിക്കുമായിരുന്നു. നിരവധി തവണ വേഷം കെട്ടി ആടിയിട്ടുണ്ട്. ആട്ടകഥകൾ രചിച്ചിട്ടുണ്ട്. അസൂയാവാഹമായ കലാചാതുരിയോടെ ആട്ടകഥകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കഥകളി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി, തത്വദീക്ഷയോടെ, പല സമ്പ്രദായങ്ങളും, അനുക്രമങ്ങളും നവീകരിച്ചിട്ടുണ്ട്. അദ്ദേഹം എന്തൊക്കെ സംഭാവനകളാണ് കഥകളിക്ക് നൽകിയതെന്ന് അനുസ്മരിക്കുന്നതിലും എളുപ്പം എന്ത് നൽകിയില്ല എന്ന് പരിശോധിക്കുന്നതായിരിക്കും.

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ തൗര്യത്രിക കലയായ കഥകളിയുടെ സമസ്ത മേഖലകളിലും തന്റേതായ കയ്യൊപ്പു പതിപ്പിച്ച മഹാപ്രതിഭയുടെ ജന്മശതാബ്ധി ആഘോഷം മെയ് 28നു കേരള കലാമണ്ഡലത്തിന്റെയും കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ കലാമണ്ഡലം നിള ക്യാമ്പ്സിൽ വെച്ചു കലാസാഗർ ആഘോഷിച്ചു.

മെയ് 28നു വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിച്ച അനുസ്മരണ യോഗത്തിന് ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണൻ (കൺവീനർ ജന്മശതാബ്ധി ആഘോഷക്കമ്മിറ്റി) പുര്സ്‌ക്രതർക്കും, സദസ്സ്യർക്കും, വിശിഷ്ടദികൾക്കും, കലാകാരന്മാർക്കും പത്രപ്രവർത്തകർക്കും സ്വാഗതം പറഞ്ഞു എഴുത്തുകാരനും കലാനിരൂപകനും ആയ ഡോക്ടർ എൻ പി വിജയകൃഷ്ണൻ ആഘോഷ പരിപാടിയുടെ ആമുഖ പ്രഭാഷണം നടത്തി. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ (ചെയര്മാൻ കേരള സംഗീത നാടക അക്കാദമി) അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിനു ഡോക്ടർ കെ ജി പൗലോസ്, മുൻ വൈസ് ചാന്‌സല്ർ, കേരള കലാമണ്ഡലം ഉദ്ഘാടനം ചെയ്തു. ശ്രീ കെ ബി രാജ് ആനന്ദ് (കലാമണ്ഡലം ഡീൻ, കലാമണ്ഡലം ഭരണ സമിതി അംഗo, കഥകളി നിരൂപകൻ, ചെയർമാൻ വാഴേങ്കട കുഞ്ചു നായർ ട്രസ്റ്റ്) വിശിഷ്ട സാന്നിദ്ധ്യം കൊണ്ട് ധന്യമാക്കിയ വേദിയിൽ ശ്രീ വി കലാധരൻ (കലാനിരൂപകനും, മുൻ ഡെപ്യൂട്ടി രജിസ്റ്റ്രാർ, കേരള കലാമണ്ഡലം) മുഖ്യ പ്രഭാഷകനായിരുന്നു. ശ്രീ കലാമണ്ഡലം നാരായണൻ നായർ ശ്രീ അനിയൻ മംഗലശ്ശേരി (പ്രസിഡന്റ്, ഇരിഞ്ഞാലക്കുട കഥകളി ക്ലബ്) ശ്രീ മുരളീധരൻ മാസ്റ്റർ (പ്രസിഡന്റ് ചാലക്കുടി കഥകളി ക്ലബ്) സ്മൃതിഭാഷണത്തിലൂടെ പൊതുവാളെ അനുസ്മരിച്ചു

ഡോക്ടർ എൻ പി വിജയകൃഷ്ണൻ ഈ വർഷത്തെ കലാസാഗർ പുരസ്‌കൃതരെ സദസ്സിനു പരിചയപ്പെടുത്തി. ശ്രീ വെള്ളിനേഴി ആനന്ദ് ( ജോയിന്റ് സെക്രട്ടറി കലാസാഗർ) തന്റെ അനുസ്മരണ പ്രഭാഷണത്തോടൊപ്പം നന്ദിയും രേഖപ്പെടുത്തി. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ സ്മരണാർത്ഥം വിവിധ കലാമേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് 2024ലെ കലാസാഗർ പുരസ്‌കാരങ്ങൾ തദവസരത്തിൽ നൽകി. കലാസ്വാദകരിൽ നിന്നുള്ള നാമനിർദ്ദേശപ്രകാരമാണ് പുരസ്‌കൃതരെ ഇത്തവണയും തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് രാജൻ പൊതുവാൾ സെക്രട്ടറി കലാസാഗർ പറഞ്ഞു.