മലപ്പുറം: പരപ്പനങ്ങാടിയിൽ പ്ലസ് വൺ വിദ്യാർത്ഥി സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണെന്ന് വെൽഫെയർ പാർട്ടി എക്‌സിക്യൂട്ടീവ് കുറ്റപ്പെടുത്തി.

മലപ്പുറത്ത് കാലങ്ങളായി പ്ലസ് വണ്ണിന് സീറ്റ് ലഭിക്കാതെ പതിനായിരക്കണക്കിന് കുട്ടികൾ പുറത്തിരിക്കേണ്ടിവരുന്നു. നിരന്തരമായി മലപ്പുറത്തെ രാഷ്ട്രീയ മത സാമൂഹിക സംഘടനകൾ ഒക്കെ ഈ വിഷയം ഉന്നയിച്ച് പ്രക്ഷോഭങ്ങൾ നടത്തിയിട്ടും സർക്കാർ കണ്ണു തുറന്നിട്ടില്ല. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നിരന്തരമായ നീതി നിഷേധത്തിന്റെ രക്തസാക്ഷിയാണ് ആ വിദ്യാർത്ഥി. ഈ ഭരണകൂട കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി ശിവൻകുട്ടി രാജിവെക്കാൻ തയ്യാറാവുകയാണ് വേണ്ടത്.

ഇനിയും നീതി നിഷേധത്തിന്റെ ഇരകളായി ഞങ്ങളുടെ മക്കളെ വിട്ടുകൊടുക്കാൻ മലപ്പുറത്തെ ജനത തയ്യാറല്ലയെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളുമായി വെൽഫെയർ പാർട്ടി രംഗത്തുണ്ടാകുമെന്നും എക്‌സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകി.

+വൺ അഡ്‌മിഷൻ കിട്ടാത്തതുമുലം ആത്മഹത്യ ചെയ്ത ഹാദി റുഷ്ദയുടെ വീട് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ സന്ദർശിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിം കുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മറ്റി അംഗം സൈതലവി കാട്ടേരി, മണ്ഡലം സെക്രട്ടറി സാനു ചെട്ടിപ്പടി, മുനിസിപ്പൽ പ്രസിഡന്റ് പി ടി റഹീം എന്നിവരാണ് സന്ദർശിച്ചത്.