- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ദുരന്തം : ലോക കേരളസഭ നിർത്തിവയ്ക്കണം : കുമ്പളത്ത് ശങ്കരപ്പിള്ള
തിരുവനന്തപുരം : ലോക കേരളസഭാ നടപടികൾ നിർത്തിവയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് - ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള ആവശ്യപ്പെട്ടു. കുവൈറ്റിൽ തീപിടിത്തത്തിൽ മരിച്ചവരിൽ ഏറെയും മലയാളികളാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവരോടുള്ള അനാദരവുകൂടിയാണ് ഇത്. ലോക കേരളസഭയ്ക്കായി മാറ്റിവച്ച പണം മരണപ്പെട്ട പ്രവാസികളുടെ കുടുംബത്തിന് നൽകണം. പ്രവാസികൾക്കുവേണ്ടിയുള്ള സഭയാണ് ലോക കേരളസഭയെങ്കിൽ ഇത്തരമൊരു ദുരിതസമയത്ത് സാമാന്യ മര്യാദപുലർത്താനെങ്കിലും സംസ്ഥാന സർക്കാർ തയാറാകണം. ഇതിൽ നിന്നുതന്നെ സമ്പന്നരായ പ്രവാസികളെ ലക്ഷ്യംവച്ചു മാത്രം സർക്കാർ നടത്തുന്ന പ്രഹസനമാണ് ലോക കേരളസഭയെന്ന് വ്യക്തമാകുകയാണ്.
ഈ ധൂർത്ത് സഭ ഒഐസിസി ഇൻകാസ് പ്രവർത്തകർ ബഹിഷ്‌ക്കരിക്കും. ഉദ്ഘാടന പരിപാടികളും കലാമാമാങ്കവും മാറ്റിവച്ചതുകൊണ്ടു മാത്രം കാര്യമില്ല. സർക്കാർ ഇപ്പോഴും ശ്രമിക്കുന്നത് അവരുടെ താൽപര്യം സംരക്ഷിക്കുന്നിതനുവേണ്ടി മാത്രമാണ്. മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ തലസ്ഥാനത്ത് എത്തുമ്പോഴും ലോക കേരളസഭ നടത്തുന്നത് പ്രവാസികളോടുള്ള അങ്ങേയറ്റത്തെ അവഗണനയുടെ സൂചനയാണ്. സർക്കാരിന്റെ ഈ ഗർവാണ് ജനങ്ങൾ തിരിച്ചറിയേണ്ടത്.
ലോക കേരളസഭ സർക്കാർ ഖജനാവ് കാലിയാക്കാൻ വേണ്ടി മാത്രം നടത്തുന്ന തട്ടിപ്പ് പരിപാടിയാണ്. ഈ സഭകൊണ്ടുണ്ടായ നേട്ടം എന്ത് എന്ന് ഇപ്പോഴും വ്യക്തമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. ചർച്ചകളും സംവാദങ്ങളുംകൊണ്ടു മാത്രം പരിഹരിക്കാൻ കഴിയുന്നതല്ല പ്രവാസി പ്രശ്നങ്ങൾ. കേരളത്തിൽ എത്ര പ്രവാസികളുണ്ടെന്ന് ഇപ്പോഴും വ്യക്തതയില്ലാത്ത ഒരു സർക്കാരാണ് ഇവിടെയുള്ളത്. പ്രവാസികളുടെ കൃത്യമായ എണ്ണം അടയാളപ്പെടുത്തുമെന്ന് കഴിഞ്ഞ സഭയിൽ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിക്കുകയുണ്ടായി. അതിനിപ്പോഴും സർക്കാരിന് കഴിഞ്ഞിട്ടില്ല. എത്ര പ്രവാസികളുണ്ടെന്ന് കണ്ടെത്താൻ കഴിയാത്ത സർക്കാരാണ് പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നത് എന്നതാണ് കൗതുകം. ബജറ്റിലെ പ്രഖ്യാപനങ്ങളും കോവിഡ് കാലത്ത് പ്രഖ്യാപിച്ച പ്രവാസി പാക്കേജുമൊക്കെ സർക്കാർ തന്നെ മറന്നിട്ടുണ്ടെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.