കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങൾ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാർത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ എംവേഴ്സിറ്റി സ്‌കൂൾ ഓഫ് അലൈഡ് ഹെൽത്ത് സയൻസസിന്റെ കൊച്ചി കാമ്പസ് പ്രവർത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ് എംഎൽഎ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

ആരോഗ്യപരിചരണ രംഗത്ത് നേഴ്സിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തെ അലൈഡ് ഹെൽത്ത് കെയർ രംഗത്തും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഹെബി ഈഡൻ എംപി പറഞ്ഞു. സംസ്ഥാനത്തെ യുവജനങ്ങൾക്ക് മികച്ച പരിശീലനം നൽകി അവരുടെ നൈപുണ്യം വർധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് പുറമേ എംവേഴ്സിറ്റി പോലുള്ള സ്വകാര്യ സംരംഭകരെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ടി.ജെ. വിനോദ് എംഎൽഎ പറഞ്ഞു.

മികച്ച കരിയർ കരസ്ഥമാക്കുന്നതിന് വിദ്യാർത്ഥികളെ ആധുനികകാല നൈപുണ്യങ്ങളോടെ ശാക്തീകരിക്കുകയെന്ന ആശയത്തിൽ നിന്നാണ് എംവേഴ്സിറ്റി പിറന്നതെന്ന് ചടങ്ങിൽ സംസാരിച്ച എംവേഴ്സിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആകാശ് കൽപ് വ്യക്തമാക്കി. എംവേഴ്സിറ്റി നൽകുന്ന പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് പഠനത്തിനിടെ തന്നെ തൊഴിൽ പരിശീലനവും ഒരു ലക്ഷം രൂപയുടെ സ്‌റ്റൈപ്പൻഡും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിൽ നിലവിൽ 65 ലക്ഷം അലൈഡ് ഹെൽത്ത്കെയർ പ്രൊഫഷണലുകളുടെ കുറവുണ്ടെന്ന വസ്തുതയിൽ നിന്നാണ് ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തങ്ങളെ പ്രേരിപ്പിച്ചതെന്നും ആകാശ് കൽപ് പറഞ്ഞു. അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെ കഴിവുള്ള വിദ്യാർത്ഥികളെ ഉചിതമായ പാതയിലേക്ക് നയിക്കേണ്ടതുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് ഒരു പൊളിച്ചെഴുത്തുണ്ടാക്കാനാണ് എംവേഴ്സിറ്റി ശ്രമിക്കുന്നത്. ഇത് അതിന്റെ തുടക്കം മാത്രമാണെന്നും ആകാശ് കൽപ് കൂട്ടിച്ചേർത്തു.

രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിൽ ഒന്നായ ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് എംവേഴ്സിറ്റിയുടെ കൊച്ചി സെന്റർ വിവിധ ബിരുദ കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ലഭ്യമാക്കും. ഫോർട്ടിസ് ഹോസ്പിറ്റൽ, അപ്പോളോ ഹോസ്പിറ്റൽ, ഡോ. ലാൽ പാത്ത് ലാബ്, ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ ആരോഗ്യപരിചരണ സ്ഥാപനങ്ങളുടെ ആവശ്യാനുസരണം പ്രോഗ്രാമുകൾ ലഭ്യമാക്കുന്നതിന് എംവേഴ്സിറ്റി ഈ സ്ഥാപനങ്ങളുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എംവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, പൂർണസമയ ജോലികൾ എന്നിവയ്ക്കായുള്ള റിക്രൂട്ടിങ് പാർട്ണർമാരുമായിരിക്കും ഈ സ്ഥാപനങ്ങൾ.

ഇന്ത്യയിലെ അലൈഡ് ഹെൽത്ത്കെയർ രംഗത്തിന്റെ അതിവേഗ വളർച്ചയ്ക്ക് ആനുപാതികമായി നൂതന അദ്ധ്യാപനരീതികളോടെയുള്ള കോഴ്സുകളാണ് തങ്ങൾ ലഭ്യമാക്കുന്നതെന്ന് എംവേഴ്സിറ്റിയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റിവ്സ് ഡയറക്ടർ ടോം ജോസഫ് പറഞ്ഞു. ഈ രംഗത്തെ വിദഗ്ധരും എംബിബിഎസ് ഡോക്ടർമാരും അടങ്ങുന്ന മികച്ച ഫാക്കൽറ്റിയാണ് ഇവിടെയുള്ളത്. വെർച്വൽ റിയാലിറ്റിയെ അടിസ്ഥാനമാക്കിയുള്ള പരിശീലനവും ഗ്യാറന്റീഡ് പെയ്ഡ് ഇന്റേൺഷിപ്പും കോഴ്സുകൾക്ക് എന്റോൾ ചെയ്യാൻ വിദ്യാർത്ഥികലെ പ്രോത്സാഹിപ്പിക്കും. ആഗോളതലത്തിൽ അനവധി അവസരങ്ങളുള്ള ഈ രംഗത്ത് ഏറ്റവും മികച്ച ജോലി നേടാൻ എംവേഴ്സിറ്റി വിദ്യാർത്ഥികളെ സജ്ജരാക്കുമെന്നും ടോം ജോസഫ് വ്യക്തമാക്കി. 1990-കളുടെ തുടക്കത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയ്ക്ക് സ്ഥാപിതമായ ജെയിൻ ഗ്രൂപ്പിന് കീഴിൽ ഇന്ന് ഇന്ത്യയിലുടനീളം 64 കാമ്പസുകളിലായി കെജി മുതൽ പ്ലസ് ടു വരെയും, അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽ തലങ്ങളിൽ 75,000 വിദ്യാർത്ഥികളും 10,000 ജീവനക്കാരുമായി 77-ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.

കൊച്ചി കാമ്പസിന്റെ പ്രവർത്തനാരംഭത്തിലൂടെ മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കി നൈപുണ്യമുള്ള മാനവശേഷിയെ വാർത്തെടുത്ത് 2047-ഓടെ ഒരു വികസിത സമ്പദ്ഘടനയാകുകയെന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാൻ സഹായകമാകാനാണ് എംവേഴ്സിറ്റി ലക്ഷ്യമിടുന്നത്.