തിരുവനന്തപുരം: ദേശീയ അന്തർദേശീയ തലങ്ങളിലെ വ്യവസായ- സാങ്കേതിക സ്ഥാപനങ്ങളുമായി തൊഴിൽ, വിദ്യാഭ്യാസം, ഇന്റേൺഷിപ്പ് എന്നീ തലങ്ങളിൽ സഹകരണം ഊർജിതമാക്കുവാനുള്ള നൂതന പദ്ധതികൾ നടപ്പിലാക്കുമെന്ന് കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷൻ.

സംസ്ഥാന സർക്കാരിന്റെയും സാങ്കേതിക യൂണിവേഴ്‌സിറ്റിയുടെയും പിന്തുണയോടെ കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ കീഴിലുള്ള 14 എഞ്ചിനീയറിങ് കോളജുകളിലും ഇതിനായി ഇൻഡസ്ട്രിയൽ റിലേഷൻസ് സെല്ലുകൾ ആരംഭിക്കുകയും നിലവിലുള്ളവ വിപുലീകരിക്കുകയും ചെയ്യും. ദേശീയ രാജാന്തര തലങ്ങളിൽ സാങ്കേതിക മേഖലയിൽ തൊഴിലവസരങ്ങൾ നേടിയെടുക്കുവാൻ വി്ദ്യാർത്ഥികൾക്ക് ഈ പദ്ധതികളിലൂടെ കൂടുതൽ അവസരം ലഭിക്കും. വ്യവസായ ആവശ്യങ്ങളുമായി അക്കാദമിക്ക് തലങ്ങളെ വിന്യസിപ്പിക്കുന്ന എ ഐ സി ടി ഇ, സാങ്കേതിക യൂണിവേഴ്സിറ്റി പദ്ധതികൾ കാത്തലിക് എൻജിനീയറിങ് കോളേജുകളിൽ നടപ്പിലാക്കും.
സംസ്ഥാന വ്യവസായ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്വാഗതാർഹമാണെങ്കിലും പ്രായോഗിക തലത്തിൽ കൂടുതൽ സുതാര്യതയും വ്യക്തതയും വേണമെന്നും വിദേശരാജ്യങ്ങളിലേതുപോലെ ഇൻഡസ്ട്രിയൽ ഫ്രീ സോണും വിവിധ സർക്കാർ ഡിപ്പാർട്ട്‌മെന്റുകളുമായി ബന്ധപ്പെടാൻ ഏകജാലക സംവിധാനവും നടപ്പിലാക്കിയാൽ മാത്രമേ നേട്ടമാകുകയുള്ളൂവെന്നും അസോസിയേഷൻ വിലയിരുത്തി.

പ്രസിഡന്റ് ഫാ. ജോൺ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അസോസിയേഷൻ നേതൃസമ്മേളനത്തിൽ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത് സിഎംഐ മുഖ്യപ്രഭാഷണവും എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണവും നടത്തി.

വൈസ് പ്രസിഡന്റ് ഫാ.ജെയിംസ് ചെല്ലങ്കോട്ട്, ജോയിന്റ് സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ, ഫാ. പോൾ പറത്താഴം, ഫാ. മാത്യു കോരംകുഴ, ഫാ. ആന്റോ ചുങ്കത്ത്, ഫാ. എ.ആർ.ജോൺ, ഫാ. ജോൺ പാലിയക്കര, ഫാ. ഡേവിഡ് നെറ്റിക്കാടൻ, ഫാ.റോയി പഴേപറമ്പിൽ, ഫാ. ബിജോയ് അറയ്ക്കൽ, ഫാ.ജസ്റ്റിൻ ആലങ്കൽ സിഎംഐ, ഫാ. ബഞ്ചമിൻ പള്ളിയാടിയിൽ എന്നിവർ സംസാരിച്ചു.