ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന അനുശാസിക്കുന്ന വിധം ക്ഷേമപ്രവർത്തനങ്ങൾ നൽകുന്നതിൽ സംസ്ഥാന സർക്കാരിന്റെ കടുത്ത അലംഭാവം സംസ്ഥാനത്ത് നിലനിൽക്കുന്നു.ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ വരുന്ന കാലതാമസം തന്നെ ഇതിനുള്ള വലിയ ഉദാഹരണമാണ്.രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ തുല്യതയോടെ, സമത്വപൂർവം പരിഗണിക്കണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്.ന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ഫണ്ട് ലഭിക്കുന്നതിൽ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്നു.

വിവിധ വകുപ്പുകളുടെ പരിഗണനയ്ക്ക് ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് അയച്ചിരുന്നുവെങ്കിലും,ചില സർക്കാർ വകുപ്പുകൾ മനഃപൂർവ്വമായ കാലതാമസം വരുത്തുന്നു ചില ശുപാർശകൾ നടപ്പാക്കണമെങ്കിൽ നിലവിലുള്ള ചില നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കേണ്ടിവരും.ഇത്തരം കാലതാമസം മറികടക്കാൻ സർക്കാർ തലത്തിൽ തന്നെ നടപടികൾ ഉടൻ ഉണ്ടാകണം.

ന്യൂനപക്ഷം എന്ന നിലയിൽ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളിൽ ഗുരുതരമായ വിവേചനങ്ങൾ കേരള ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്. ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളിൽ അതുണ്ടാകാതെ പോകുന്നതും, പ്രശ്‌നപരിഹാരങ്ങൾക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.ഈ ഘട്ടത്തിൽ, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഗൗരവമായി പരിഗണിക്കാനും നടപ്പാക്കാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ തയ്യാറാകേണ്ടതുണ്ട്.

ആഗോളസഭാ തലത്തിലും ഭാരത സഭയിലും കേരളത്തിലുമുള്ള ക്രൈസ്തവസഭാ വിഭാഗങ്ങളും സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് വിശുദ്ധ ദിനമായി ആചരിക്കുന്നത് കണക്കിലെടുത്ത് പൊതു അവധി പുനഃസ്ഥാപിച്ചു കിട്ടുന്നതും ക്രൈസ്തവരുടെയെല്ലാം ആവശ്യമാണ്.സ്‌കൂൾ-കലാലയ പരീക്ഷകളും മറ്റും ഇത്തരം ക്രൈസ്തവ പുണ്യദിനങ്ങളിൽ നടത്താതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കേരളത്തിലെ ക്രൈസ്തവസമൂഹം അവഗണനകളും,തകർച്ചയും നേരിടുന്നു. സാമുദായികമായും,സാമൂഹികമായും വിവിധ ക്രൈസ്തവ സമൂഹങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രതിസന്ധികളെക്കുറിച്ച് പഠിക്കാനും കാര്യക്ഷമമായി ഇടപെടാനും സർക്കാരുകൾ കാര്യമായി ഒന്നും തന്നെ ചെയ്തിരുന്നില്ല.വർഷങ്ങളായി ന്യൂനപക്ഷ സമൂഹം എന്ന നിലയിൽ അർഹിക്കുന്ന അവകാശങ്ങൾപോലും ക്രൈസ്തവ സമൂഹത്തിന് നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉടലെടുക്കുകയും കൂടുതൽ രൂക്ഷമായ പിന്നോക്കാവസ്ഥയിലേക്ക് നിപതിക്കുകയും ചെയ്തു.അനീതിപൂർണമായ വിവിധ സാഹചര്യങ്ങളെക്കുറിച്ച് ഉയർന്നു വന്ന ചർച്ചകളുടെ വെളിച്ചത്തിൽ പലപ്പോഴായി സർക്കാർ തലങ്ങളിലേക്ക് അപേക്ഷകളും നിവേദനങ്ങളും സമർപ്പിക്കപ്പെടുകയുണ്ടായെങ്കിലും ഫലമുണ്ടാകുന്നില്ല.

രാഷ്ട്രീയക്കാരുടയോ, മറ്റ് തൽപ്പര കക്ഷികളുടെയോ വിമർശനങ്ങളുടെ മുന്നിൽ ക്രൈസ്തവർ ഭയന്നു പിന്മാറുമെന്ന് വിചാരിക്കേണ്ട. ഉറച്ച നിലപാടുകളുമായി മൂന്നോട്ട് നീങ്ങും. പ്രതികരിക്കേണ്ട വിഷയങ്ങളിൽ ശക്തമായി പ്രതികരിക്കും. ക്രൈസ്തവർ എങ്ങനെ ജീവിക്കണമെന്നോ എന്ത് നിലപാട് സ്വീകരിക്കണമെന്നോ തീരുമാനിക്കേണ്ടത് ക്രൈസ്തവർ തന്നെയാണ്.ക്രൈസ്തവർ ഉയർത്തുന്ന വിഷയങ്ങളെ സുബോധത്തോടെയും മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടും നിഷ്പക്ഷമായും കൈകാര്യം ചെയ്യുവാൻ സർക്കാരിനും എല്ലാ രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നു.