കൊച്ചി: ജെ.ബി.കോശി കമ്മീഷൻ നടത്തിയ ക്രൈസ്തവ പഠന റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടാതെ ശുപാർശകൾ നടപ്പിലാക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകൾക്ക് നൽകിയ റിപ്പോർട്ടിലെ 8-ാം അദ്ധ്യായത്തിലെ ശുപാർശകൾ മാത്രമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ഇതര അദ്ധ്യായങ്ങളിലെ പഠന ഉള്ളടക്കങ്ങൾ പുറത്തുവിടാതെ രഹസ്യമാക്കി സർക്കാർ ഒളിച്ചോട്ടം നടത്തുന്നതിൽ ദുരൂഹതയുണ്ട്.

ജെ.ബി.കോശി കമ്മീഷൻ 2023 മെയ് 17ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഒരു വർഷം കഴിഞ്ഞിട്ടും സർക്കാർ സംവിധാനങ്ങൾ ചർച്ച തുടരുകയാണെന്നുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയുടെ നിയമസഭയിലെ പ്രഖ്യാപനം കേരളത്തിലെ ക്രൈസ്തവരെയും പൊതുസമൂഹത്തെയും പരസ്യമായി അവഹേളിക്കുന്നതും ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയുടെ തുറന്നുപറച്ചിലുമാണ്.

2023 നവംബർ 23ന് വിവരാവകാശം വഴി ലഭിച്ച മറുപടിയിൽ സർക്കാർ പ്രഖ്യാപിക്കുന്ന മുറയ്ക്കു മാത്രമേ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കൂവെന്ന് സൂചിപ്പിച്ചിരിക്കുമ്പോൾ റിപ്പോർട്ടിന്റെ പൂർണ്ണരൂപം പുറത്തുവിടാത്തതിന്റെ പിന്നിലെ തടസ്സം എന്താണെന്ന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി വ്യക്തമാക്കണം. ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലെ 80:20 അനുപാതം തെറ്റാണെന്നും തിരുത്തണമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീലിനുപോയ സംസ്ഥാന സർക്കാരിൽ നിന്ന് കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്ക് യാതൊരു നീതിയും ലഭിക്കില്ലെന്നുള്ളതിന്റെ ഉദാഹരണമാണ് ക്രൈസ്തവ പഠന റിപ്പോർട്ടിന്മേലുള്ള നിലവിലെ ഒളിച്ചുകളി.

വിവരാവകാശത്തിലൂടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം ആവശ്യപ്പെട്ടിട്ടും സർക്കാർ നിഷേധ നിലപാട് തുടരുമ്പോൾ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. 2023 ഒക്ടോബർ 10ന് സംസ്ഥാനത്തെ വിവിധങ്ങളായ 33 വകുപ്പുകളിലേയ്ക്ക് ശുപാർശകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം നിർദ്ദേശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2024 മാർച്ചിൽ സർക്കാർ മൂന്നംഗസമിതിയെയും പ്രഖ്യാപിച്ചു. എന്നിട്ടും തുടർനടപടികളില്ലാതെ നിരന്തരം ചർച്ചകൾ നടത്തി ആത്മാർത്ഥതയില്ലാത്ത സമീപനം സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കുന്നത് നിർഭാഗ്യകരമാണ്. വിവിധ ക്രൈസ്തവ സഭാസമൂഹങ്ങൾ സജീവ ഇടപെടലുകൾ അടിയന്തരമായി നടത്തിയില്ലെങ്കിൽ ഇതര കമ്മീഷൻ റിപ്പോർട്ടുകളെപ്പോലെ ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷൻ ക്രൈസ്തവ പഠനറിപ്പോർട്ടും സർക്കാർ അലമാരയിലിരുന്ന് ചിതലരിക്കുമെന്നും യാതൊരു കാരണവശാലുമിത് അനുവദിക്കരുതെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.