കോഴിക്കോട്: പ്രളയം, മണ്ണിടിച്ചില്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം പറന്നുയരുന്ന (Autonomous) ക്വാഡ്‌കോപ്റ്റര്‍ വികസിപ്പിച്ചെടുത്ത എന്‍.ഐ.ടി. കാലിക്കറ്റിലെ വിദ്യാര്‍ഥി കൂട്ടായ്മയ്ക്ക് ദേശീയ തലത്തില്‍ ശ്രദ്ധേയമായ നേട്ടം. 'ടീം പറവൈ' എന്ന പേരിലുള്ള വിദ്യാര്‍ഥി കൂട്ടായ്മയാണ് സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ദൗത്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത ഈ ഡ്രോണ്‍, ചെന്നൈയില്‍ നടന്ന എസ്.എ.ഇ. എയറോത്തോണ്‍ 2025-ല്‍ അവതരിപ്പിച്ചത്.

ഇതിന്റെ സാങ്കേതിക മികവും ദുരന്തനിവാരണ രംഗത്തെ സാധ്യതകളും വിദഗ്ധരുടെ പ്രശംസ പിടിച്ചുപറ്റി. ബിടെക് വിദ്യാര്‍ത്ഥികളായ ധനുഷ്, ഡഫി, രെഹാന്‍, ഇന്‍സാഫ്, ജിയാവന്ത്, രാഹുല്‍ എന്നിവരാണ് ടീം പറവൈയുടെ ഭാഗമായി ഈ പദ്ധതി വികസിപ്പിച്ചത്.

കഴിഞ്ഞ ഓഗസ്റ്റില്‍ രൂപീകരിച്ച 15 അംഗ സംഘമാണ് കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തന ഏജന്‍സികളെ സഹായിക്കാന്‍ കഴിയുന്ന ഒരു കോംപാക്ട് ഏരിയല്‍ സിസ്റ്റം (Compact Aerial System) രൂപകല്‍പ്പന ചെയ്തത്.

=സമയപരിമിതികള്‍ക്കിടയിലും മത്സരം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് ടീം, ഡിസൈന്‍ പൂര്‍ത്തിയാക്കി സിസ്റ്റം സംയോജനം വിജയകരമായി നടത്തിയത്. കോകോസ്.എ.ഐ. (Kokos.AI) എന്ന സ്ഥാപനം സാമ്പത്തികമായും സാങ്കേതികമായും ഈ പ്രോജക്ടിന് പിന്തുണ നല്‍കി. ഇവരുടെ ഗവേഷണ വിഭാഗം വിദ്യാര്‍ഥികളുമായി ചേര്‍ന്ന് ഡ്രോണിന്റെ കൃത്യതയും നടപ്പാക്കലും ഉറപ്പാക്കി.

രണ്ട് കിലോഗ്രാം ഭാരമുള്ള ഈ ഡ്രോണ്‍, കാര്‍ബണ്‍ ഫൈബര്‍ സംയോജിത വസ്തുക്കളും ത്രിമാന പ്രിന്റഡ് പി.എ.12-ഉം ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ഇത് ഡ്രോണിന് ഭാരം കുറവും ഈടുനില്‍പ്പും ഉറപ്പാക്കുന്നു. യഥാര്‍ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ നിരവധി പ്രത്യേകതകള്‍ ഈ ക്വാഡ്‌കോപ്റ്ററിനുണ്ട്:

? ഒരുകിലോമീറ്റര്‍ ദൂരം വരെ തടസ്സമില്ലാത്ത ആശയവിനിമയം സാധ്യമാണ്.

? നിലത്തുള്ള ടീമുകളിലേക്ക് തത്സമയ വീഡിയോ സ്ട്രീം ചെയ്യാനുള്ള ശേഷി.

? സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങളില്‍ തടസ്സങ്ങള്‍ ഒഴിവാക്കി സഞ്ചരിക്കാന്‍ ലിഡാര്‍ (LIDAR) അധിഷ്ഠിത കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം.

? 15 മീറ്റര്‍ ഉയരത്തില്‍ നിന്ന് മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ കഴിയുന്ന ഓണ്‍ബോര്‍ഡ് സെന്‍സറുകള്‍.

? 200 ഗ്രാം വരെ ഭാരമുള്ള സഹായ വസ്തുക്കള്‍ കൃത്യതയോടെ എത്തിക്കാനുള്ള കഴിവ്.

പൂര്‍ണ്ണമായും സ്വയംനിയന്ത്രിത കണ്‍ട്രോള്‍ സിസ്റ്റം ഉള്ളതിനാല്‍ അപകടകരമായ സാഹചര്യങ്ങളില്‍ ഓപ്പറേറ്ററുടെ ഇടപെടല്‍ തുടര്‍ച്ചയായി ആവശ്യമില്ല.

സാങ്കേതികവിദ്യാധിഷ്ഠിത ദുരന്തനിവാരണ രംഗത്ത് വലിയ മുന്നേറ്റമാണ് ഈ പ്രോജക്ടെന്ന് എന്‍.ഐ.ടി. കാലിക്കറ്റ് അധികൃതര്‍ വിലയിരുത്തി. വിദ്യാര്‍ഥികളുടെ ഈ നേട്ടത്തില്‍ അഭിമാനം പ്രകടിപ്പിച്ച അധികൃതര്‍, ടീമിന്റെ ഭാവി ഗവേഷണങ്ങള്‍ക്കും വികസന ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന് ഉറപ്പുനല്‍കി. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള കണ്ടുപിടിത്തങ്ങള്‍ മാനുഷിക വെല്ലുവിളികള്‍ നേരിടുന്നതില്‍ വഹിക്കുന്ന പങ്ക് ഈ നേട്ടം അടിവരയിടുന്നുവെന്ന് ഫാക്കല്‍റ്റി ഉപദേഷ്ടാക്കള്‍ അഭിപ്രായപ്പെട്ടു. ഡ്രോണിന്റെ പ്രവര്‍ത്തന ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കാര്യക്ഷമമായ പേലോഡ് ശേഷി ഉള്‍പ്പെടുത്താനും 'ടീം പറവൈ'ക്ക് പദ്ധതിയുണ്ട്.