- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശസ്ത്രക്രിയാനന്തര മസ്തിഷ്‌ക വികസനം: അമൃതയില്‍ ദേശീയ സെമിനാര്‍ ശ്രദ്ധേയമായി

കൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള കുട്ടികളുടെ മസ്തിഷ്‌ക വികസനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രി, ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിശുരോഗ വിദഗ്ധര്‍ പങ്കെടുത്ത പരിപാടിയില്‍, കുട്ടികളുടെ ജീവന്‍ രക്ഷ മാത്രമല്ല, അവര്‍ എങ്ങനെ വളരുന്നു, പഠിക്കുന്നു, ദൈനംദിന ജീവിതം കൈകാര്യം ചെയ്യുന്നു എന്നതിലേക്കും ശ്രദ്ധ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
കോണ്‍ജെനിറ്റല്‍ ഹൃദയരോഗമുള്ള (CHD) കുട്ടികളില്‍ ശ്രദ്ധ, അഡാപ്റ്റീവ് സ്‌കില്‍സ് തുടങ്ങിയ മേഖലകളില്‍ പ്രത്യേകമായ ന്യൂറോ-ഡെവലപ്‌മെന്റല്‍ വെല്ലുവിളികള്‍ കാണപ്പെടുന്നുവെന്നും, കുട്ടി വളരുന്നതിനൊപ്പം ഇവ കൂടുതല്‍ വ്യക്തമായി പ്രകടമാകുന്നതാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.
പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിന്റെ കീഴിലുള്ള 'പ്രോജക്ട് മേധ' യുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28-ന് നടന്ന പരിപാടി അമൃത വിശ്വവിദ്യാപീഠo റിസര്‍ച്ച് ഡീന്‍ ഡോ. ഡി.എം. വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. യു.കെയിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ സിക്ക് ചില്‍ഡ്രനിലെ ഡോ. കിര്‍സ്റ്റന്‍ വെരിറ്റി, തിരുവനന്തപുരം CDC ഡയറക്ടര്‍ ഡോ. ദീപ ഭാസ്‌കരന്‍, ഭാരത സര്‍ക്കാര്‍ RBSK മുന്‍ ദേശീയ ഉപദേഷ്ടാവ് ഡോ. അരുണ്‍ സിംഗ്, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യല്‍ സയന്‍സ് വിഭാഗം ഡീന്‍ ഡോ. ജയശങ്കര റെഡ്ഡി എന്നിവര്‍ പങ്കെടുത്തു. പഠനം, എക്‌സിക്യൂട്ടീവ് സ്‌കില്‍സ്, അഡാപ്റ്റീവ് പെരുമാറ്റം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുകയും പ്രാരംഭ അസസ്മെന്റും തുടര്‍ച്ചയായ ഫോളോ-അപ്പും നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബാംഗ്ലൂരിലെ പ്രേംജി ഇന്‍വെസ്റ്റ് സാമ്പത്തിക പിന്തുണ നല്‍കുന്ന CSR പദ്ധതിയായ പ്രോജക്ട് മേധയുടെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കോണ്‍ജെനിറ്റല്‍ ഹൃദയരോഗമുള്ള കുട്ടികളുടെ ന്യൂറോ-ഡെവലപ്‌മെന്റല്‍ പരിചരണവും ചികിത്സാഫലങ്ങളും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. കാര്‍ഡിയാക് പരിചരണത്തിന്റെ തുടര്‍ച്ചയായ ഘട്ടങ്ങളിലുടനീളം ന്യൂറോ-ഡെവലപ്‌മെന്റല്‍ അസസ്മെന്റ് സാധാരണ പ്രാക്ടീസായി ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ചര്‍ച്ചകളില്‍ ഊന്നിപ്പറഞ്ഞു.
കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ആര്‍. കൃഷ്ണകുമാറും പീഡിയാട്രിക്‌സ് വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മനു രാജും നേതൃത്വം നല്‍കിയ ഈ പ്രവര്‍ത്തനത്തിന് പ്രോജക്ട് മേധയുടെ നാഷണല്‍ കോര്‍ഡിനേറ്റര്‍ മിസ് സോനം മനോജ് ആശയരൂപീകരണ പിന്തുണ നല്‍കി. ന്യൂറോഡെവലപ്‌മെന്റല്‍ & കോഗ്‌നിറ്റീവ് കെയര്‍ യൂണിറ്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇന്ത്യയില്‍ ഇത്തരം വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാറുകളില്‍ ഒന്നായ ഈ പരിപാടി, ഹൃദയരോഗമുള്ള കുട്ടികള്‍ക്ക് ജീവന്‍ രക്ഷിക്കുന്നത് മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ സഹായിക്കുന്ന പരിചരണ രീതികള്‍ രൂപപ്പെടുത്തുന്നതിന് വഴിയൊരുക്കുന്നതാണ്.


