കൊച്ചി:കേരളത്തിലെ മൂന്ന് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്ക് വേണ്ടി 30 കോടി രൂപ ആവശ്യപ്പെട്ട് JDNE കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സിലിന് കത്തയച്ചിട്ടുണ്ട്. കേരള നഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ എന്നത് INC ആക്ട് പ്രകാരം രൂപീകരിക്കപ്പെട്ട കേരളത്തിലെ എല്ലാ നഴ്‌സുമാരുടെയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ട ഒരു സ്വതന്ത്ര ബോഡി ആയിട്ടാണ് കേരളത്തിലെ എല്ലാ നഴ്‌സുമാരും മനസിലാക്കുന്നത്. കേരളത്തിലെ സ്വകാര്യ സര്‍ക്കാര്‍ നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ പഠിച്ചവര്‍ എല്ലാവരും ഒരുപോലെ അടച്ച തുകയാണ് ഇപ്പോള്‍ കൗണ്‍സിലിന്റെ കയ്യില്‍ ഉള്ള ഭീമമായ തുക. ഇത്രയും വലിയ തുക കയ്യില്‍ ഉണ്ടായിരിക്കെ തന്നെ കൗണ്‍സിലിന് സ്വന്തമായി ഒരു കെട്ടിടം പോലും ഇല്ല. വിവിധ ആവശ്യങ്ങള്‍ക്കായി കൗണ്‍സിലില്‍ വരുന്ന നഴ്‌സുമാര്‍ക്കുള്ള പ്രാഥമിക സൗകര്യമോ, എല്ലാവര്‍ക്കും വിളിച്ചാല്‍ കിട്ടുന്ന ഒരു ഹോട്ട് line സൗകര്യമോ പോലും ഇതുവരെയും നല്‍കാന്‍ കൗണ്‍സിലിന് കഴിഞ്ഞിട്ടില്ലെന്നിരിക്കെ എല്ലാ നഴ്‌സുമാരുടെയും ഫണ്ട് എടുത്ത് ഏതാനും നഴ്‌സിംഗ് കോളേജുകളിലേക്ക് ചൊരിയുന്നത് തികച്ചും അപലപനീയമാണ്. സര്‍ക്കാര്‍ തുടങ്ങുന്ന കോളേജുകള്‍ക്ക് ഫണ്ട് കണ്ടെത്തേണ്ടത് സര്‍ക്കാരും ആരോഗ്യ വകുപ്പും തന്നെയാണെന്നിരിക്കെ ഇത്തരത്തിലുള്ള നീക്കത്തില്‍ നിന്നും കൗണ്‍സില്‍ പിന്തിരിയണം എന്നും സംസ്ഥാന ഘടകം ആവശ്യപ്പെട്ടു. കേരളത്തിലെ തന്നെ മെഡിക്കല്‍ ഡെന്റല്‍ ഫാര്‍മസി കൗണ്‍സിലുകളില്‍ ഒന്നും തന്നെ ഇല്ലാത്ത ഇത്തരം കീഴ്വഴക്കങ്ങള്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ മാത്രം കൊണ്ടു വരുന്നതിനെ സംഘടന ശക്തിയായി എതിര്‍ക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വാശ്രയ കോളേജ് ആയ SIMET നും ഇത്തരത്തില്‍ കൗണ്‍സില്‍ ഫണ്ട് നല്‍കിയതിനെതിരെ നഴ്‌സുമാരുടെ ഇടയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ആയതിനാല്‍ കൗണ്‍സില്‍ ഫണ്ട് കേരളത്തിലെ നഴ്‌സുമാരുടെ പൊതുവായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് വേണ്ടത്. ആയതിനാല്‍ ഈ തുക ഉപയോഗിച്ച് തലസ്ഥാനത്ത് അധ്യാപകര്‍ക്കുള്ള ശിക്ഷക് സദന്‍ മോഡലില്‍ നഴ്സുമാര്‍ക്കുള്ള ഗസ്റ്റ്ഹൗസ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണം എന്നും സംഘടന ആവശ്യപ്പെടുന്നു.

പ്രസ്തുത വിഷയത്തില്‍ ട്രൈന്‍ഡ് നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ,കേരളാ ഘടകം കേരളാ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്