- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് വനിതാ സംരംഭകര്‍ക്കായി 'വനിത വ്യവസായ പാര്‍ക്ക്': മന്ത്രി പി. രാജീവ്
തൃശ്ശൂര്‍: സംസ്ഥാനത്തെ വനിതാ സംരംഭകര്‍ക്ക് വേണ്ടി വനിത വ്യവസായ പാര്‍ക്ക് സ്ഥാപിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കേരള വുമണ്‍ എന്റര്‍പ്രണേഴ്‌സ് കോണ്‍ക്ലേവ് 2025 തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ നീക്കത്തിലൂടെ സ്ത്രീ സംരംഭകരെ വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വലിയ തോതില്‍ വനിതാ സംരംഭകര്‍ മുന്നോട്ട് വരുന്നുണ്ടെന്നും, സംരംഭക വര്‍ഷത്തിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത സംരംഭകരില്‍ 31% സ്ത്രീകളാണ് എന്നതും ഇതിന് ഉദാഹരണമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
1000 സംരംഭങ്ങളെ ശരാശരി നൂറ് കോടി രൂപ വിറ്റുവരവുള്ള സംരംഭങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന 'മിഷന്‍ 1000' പദ്ധതിയുമായി വ്യവസായ വകുപ്പ് മുന്നോട്ട് പോകുന്നതായി മന്ത്രി പറഞ്ഞു. ഇതിനോടകം 444 സംരംഭങ്ങളെ പദ്ധതിക്കായി തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇതിനൊപ്പം തന്നെ പതിനായിരം സംരംഭങ്ങളെ ഒരു കോടി വിറ്റ് വരവുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിനായി ' മിഷന്‍ 10000' പദ്ധതിയും മുന്നോട്ട് വെയ്ക്കുന്നതായി മന്ത്രി പറഞ്ഞു.
സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സുപ്രധാനമായ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. പഞ്ചായത്തുകളിലെ വീടുകളുടെ 50% വരെ സംരംഭം തുടങ്ങാനുള്ള സൗകര്യം ഇതിലൂടെ ലഭിക്കും. ഒഴിഞ്ഞ് കിടക്കുന്ന വീടുകളില്‍ 100% സംരംഭം തുടങ്ങാന്‍ കഴിയും. സംരംഭകര്‍ക്ക് വേണ്ട നൈപുണ്യ വികസനവും സര്‍ക്കാര്‍ ഉറപ്പാക്കും.
കൂടാതെ, സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ വിദേശ എക്‌സിബിഷനുകളില്‍ പങ്കെടുപ്പിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വിപണി സജീവമാക്കാന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവിധ ജില്ലകളില്‍ നിന്നായി 1200-ഓളം വനിതാ സംരംഭകര്‍ പങ്കെടുത്ത കോണ്‍ക്ലേവില്‍, ഒരു സംരംഭം തുടങ്ങാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ഒരിടത്ത് ലഭിക്കുന്ന ഏകജാലക സംവിധാനമാണ് (Single Window System) ഏറ്റവും വലിയ ആകര്‍ഷണമായത്. ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, UDYAM, KSWIFT, GST തുടങ്ങിയ സര്‍ക്കാര്‍ ഹെല്‍പ് ഡെസ്‌കുകള്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുമായി നേരിട്ട് ബന്ധപ്പെടാനുള്ള സംവിധാനം സംരംഭകര്‍ക്ക് ഏറെ പ്രയോജനപ്പെട്ടു.
സാങ്കേതികവിദ്യാധിഷ്ഠിത ഉല്‍പ്പാദനത്തില്‍ വനിതകളുടെ പ്രാധാന്യം' എന്ന വിഷയത്തിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വനിതാ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണ പദ്ധതികളെക്കുറിച്ചും പ്രത്യേക പാനല്‍ ചര്‍ച്ചകളും കോണ്‍ക്ലേവിന്റെ ഭാഗമായി നടന്നു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു കോണ്‍ക്ലേവ് സന്ദര്‍ശിച്ച് സംരംഭകരുമായി ആശയ വിനിമയം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് അധ്യക്ഷനായ ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആനി ജ്യൂല തോമസ് ഐ.എ.എസ്., വ്യവസായ വകുപ്പ് ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐ.എ.എസ്., കെ.എസ്.ഐ.ഡി.സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍ ഐ.ആര്‍.ടി.എസ്., ബി.പി.ടി. എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. അജിത്കുമാര്‍, ഫിക്കി (FICCI) പ്രതിനിധി ജ്യോതി ദീപക് അശ്വനി തുടങ്ങിയവര്‍ പങ്കെടുത്തു.