കോട്ടയം: ഈശ്വരസേവയെന്നാല്‍ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യന്റെ വിശപ്പടക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പുണ്യകര്‍മ്മമാണെന്നും ഗോവാ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാന്‍ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അവകാശപ്പെട്ടതാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

യഥാര്‍ത്ഥ ഗാന്ധിയന്‍ പ്രവര്‍ത്തനങ്ങളുടെ അടിവേരുകള്‍ പരിശോധിക്കുമ്പോള്‍ 1947 ല്‍ ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോള്‍ എല്ലാവരും ഡല്‍ഹിയില്‍ ചരിത്രപ്രധാനമായ ഭരണമാറ്റവും ആഘോഷിക്കുന്ന വേളയില്‍ രാഷ്ട്രപിതാവായ ഗാന്ധിജി 1500 കിലോമീറ്റര്‍ അകലെ ബംഗാളില്‍ സാധാരണക്കാര്‍ക്കൊപ്പം ചെലവൊഴിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തോടെ നമ്മുടെ രാജ്യം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെന്നും സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും നേടിയാല്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം പുലരൂവെന്ന ഗാന്ധിജിയുടെ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാണെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

സ്‌നേഹക്കൂട് അഭയമന്ദിരം ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ, പഞ്ചായത്ത് മെമ്പര്‍ നൈസിമോള്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ അമല്‍ ഗാന്ധിഭവന്‍, സ്‌നേഹക്കൂട് സെക്രട്ടറി അനുരാജ് ബി കെ, വൈസ് പ്രസിഡന്റ് എബി ജെ ജോസ്, ജോയിന്റ് സെക്രട്ടറി സാംജി പഴേപറമ്പില്‍, ആശാ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹക്കൂട് അഭയമന്ദിരം ഏര്‍പ്പെടുത്തിയ അഭയശ്രേഷ്ഠ പുരസ്‌ക്കാരം പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ പുനലൂര്‍ സോമരാജനു വേണ്ടി വൈസ് ചെയര്‍മാന്‍ അമല്‍ ഗാന്ധിഭവന്‍ ഗവര്‍ണറില്‍ നിന്നും ഏറ്റുവാങ്ങി. മികച്ച ഫയര്‍ ഓഫീസര്‍ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ കെ ടി സലിമോന് സ്‌നേഹക്കൂട് എക്‌സലന്‍സ് പുരസ്‌കാരം പി എസ് ശ്രീധരന്‍പിള്ള സമ്മാനിച്ചു. സ്‌നേഹക്കൂട് അന്തേവാസികള്‍ക്ക് ഗവര്‍ണര്‍ ഉപഹാരങ്ങളും സമ്മാനിച്ചു.