തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളാനിക്കര ക്യാമ്പസ്സില്‍ പ്രധാന്‍ മന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവല്‍ക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി പ്രകാരം ആരംഭിക്കുന്ന കോമണ്‍ ഇന്‍ക്യൂബേഷന്‍ സെന്ററിന്റെ ഉത്ഘാടനം നിയമ വ്യവസായ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. ചടങ്ങില്‍ റവന്യു ഹൗസ്സിങ് വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറും കെബിപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ പി.വിഷ്ണുരാജ് ഐഎഎസ് സ്വാഗതവും കാര്‍ഷിക സര്‍വകലാശാല റിസര്‍ച്ച് ഡയറക്ടര്‍ ഡോ. കെ എന്‍ അനില്‍ നന്ദിയും പറഞ്ഞു. കോമണ്‍ ഇന്‍ക്യുബേഷന്‍ സെന്റര്‍ പോലുള്ള സംവിധാനങ്ങള്‍ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്ന് ഉത്ഘാടന പ്രസംഘത്തില്‍ മന്ത്രി പി. രാജീവ് പറഞ്ഞു.

ചെറിയ ഫീസ് നല്‍കി ഇത് ആര്‍ക്കും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയില്‍ അനുവദിച്ച 20 കോമണ്‍ ഇന്‍ക്യൂബേഷന്‍ സെന്റില്‍ ഒന്ന് കേരളത്തിലാണെന്നത് അഭിമാനകരമാണ്. സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി ആരംഭിക്കുമ്പോള്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം ആണ് വിഭാവനം ചെയ്യ്തിരുന്നത് . എന്നാല്‍ ഇപ്പോള്‍ ആ പദ്ധതിയില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നല്‍കുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാന്‍ മന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവല്‍ക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി.

ചടങ്ങില്‍ റവന്യൂ - ഹൗസിങ്ങ് വകുപ്പ് മന്ത്രി കെ. രാജന്‍ അദ്ധ്യക്ഷനായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് ഐഎഎസ് , കെബിപ്പ് സിഇഒ എസ്. സൂരജ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹനന്‍, കാര്‍ഷിക സര്‍വകലാശാല അഗ്രിക്കള്‍ച്ചര്‍ കോളേജ് ഡീന്‍ ഡോ. മാണി ചെല്ലപ്പന്‍, കാര്‍ഷിക സര്‍വകലാശാലാ അഗ്രി ബിസിനസ് ഇന്‍ക്യുബേറ്റര്‍ മേധാവി ഡോ. കെ. പി. സുധീര്‍, , വ്യവസായ- വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയരക്ടര്‍ ജി. രാജീവ്, ത്യശ്ശൂര്‍ ഡി ഐസി ജനറല്‍ മാനേജര്‍ ഷീബ എസ്, വാര്‍ഡ് കൗണ്‍സിലര്‍ എം എസ് ഷിനോജ് എന്നിവര്‍ പങ്കെടുത്തു.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററില്‍ സ്ഥാപിച്ച കോമണ്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റി, കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കേരളത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോമണ്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റി സൗകര്യം പൊതുജനങ്ങള്‍ക്കും സംരംഭകര്‍ക്കുമായി ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും ഇന്‍കുബേഷന്‍ ഫെസിലിറ്റി ലഭ്യമാക്കുന്ന തരത്തിലാണ് കോമണ്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കിയിരികുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ ലഭിക്കുന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫാര്‍മര്‍ പ്രൊഡ്യൂസ് ഓര്‍ഗനൈസേഷനുകള്‍ , സഹകരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര ഓര്‍ഗനൈസേഷന്‍, സ്വയം സഹായ സംഘം , പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ എന്നിവയെ പിന്തുണക്കുന്നതിലൂടെ പിഎംഎഫ് എംഇ പദ്ധതി പൊതുവായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കല്‍, ബ്രാന്‍ഡിംഗ് & വിപണനം തുടങ്ങിയവയ്ക്കുള്ള അവസരവും ഒരുക്കുന്നു.

8485 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഈ അത്യാധുനിക ഇകഎല്‍, 600-ലധികം സൂക്ഷ്മ ഭക്ഷ്യ സംരംഭകര്‍ക്ക് ആധുനിക യന്ത്രസാമഗ്രികള്‍, പരിശീലനം, സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതിനും വഴി തുറക്കുന്നു. കൂടാതെ കോമണ്‍ ഇന്‍കുബേഷന്‍ ഫെസിലിറ്റി പൂര്‍ത്തീകരണത്തിലൂടെ ഭക്ഷ്യ സംസ്‌കരണ മേഖല ശക്തിപ്പെടുന്നതിനോടൊപ്പം അടിസ്ഥാനതല തൊഴില്‍ നവീകരണം, സുസ്ഥിര സാമ്പത്തിക വളര്‍ച്ച എന്നിവയ്ക്കും കാരണമാകും