കൊച്ചി: ഭാരതത്തിലെ ഏറ്റവും മികച്ച സമ്മാനത്തുകയുള്ള ചെറു ഫിലിം മേളകളിലൊന്നായ 'അരവിന്ദം നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍' പോസ്റ്റര്‍ പ്രകാശനം പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസ് നിര്‍വ്വഹിച്ചു. കോട്ടയത്ത് വച്ചാണ് അടുത്ത വര്‍ഷം മാര്‍ച്ച് 14, 15, 16 തീയതികളില്‍ ദേശീയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ ഓര്‍മ്മയ്ക്കായി 'അരവിന്ദം' എന്നു പേരിട്ട നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍.

ഒരു ലക്ഷം രൂപ വീതം സമ്മാനത്തുകയും മെമന്റോയും ഉള്ള പൊതു വിഭാഗമായും അര ലക്ഷം വീതം സമ്മാനത്തുകയുള്ള ക്യാമ്പസ് വിഭാഗമായും, രണ്ട് വിഭാഗങ്ങളായിട്ടാണ് പുരസ്‌കാരങ്ങള്‍. മികച്ച ചിത്രം, മികച്ച നടന്‍, മികച്ച നടി, സംവിധായകന്‍, സിനിമോട്ടോഗ്രഫി, തിരക്കഥ, എന്നിവയ്ക്ക് പൊതുവിഭാഗത്തിലും കാമ്പസ് വിഭാഗത്തിലും പുരസ്‌കാരങ്ങള്‍ നല്‍കും. കൂടാതെ നല്‍കിയിട്ടുള്ള വിഷയങ്ങള്‍ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഒരു മികച്ച ചിത്രത്തിനും പുരസ്‌കാരമുണ്ടായിരിക്കും. അരവിന്ദം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് പതിനായിരം രൂപ ക്യാഷ് അവാര്‍ഡും മൊമന്റോയും ഉണ്ടായിരിക്കും.

2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 30 വരെ പൂര്‍ത്തീകരിച്ചതോ റിലീസ് ചെയ്തതോ അല്ലാത്തതോ ആയ മുപ്പത് മിനിട്ടില്‍ താഴെയുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ആണ് അയക്കാവുന്നത്.കൊച്ചിയില്‍ നടന്ന പരിപാടിയില്‍ തമ്പ് ഫിലിം സൊസൈറ്റി ഭാരവാഹികളായ ആര്‍.സാനു, ഷിജു ഏബ്രഹാം, ജയകുമാര്‍ മൂലേടം, മനു മറ്റക്കര, അനിരുദ്ധ് ഏഴാച്ചേരി, ബിബിരാജ്, രമേശ് ലക്ഷ്മണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നവംബര്‍ ഒന്ന് മുതല്‍ ഫിലിം ഫ്രീ വേ.കോം (filmfreeway.com) എന്ന വെബ് സൈറ്റില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് സംഘാടകര്‍ പറഞ്ഞു.

നവംബര്‍ ഒന്നു മുതലാണ് പ്രവേശനം സാധ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012864173 ഈ നമ്പറില്‍ വാട്‌സാപ്പ് ചെയ്യാം.