തിരുവനന്തപുരം: ഹൃദയധമനികള്‍ അടഞ്ഞ് ഗുരുതരാവസ്ഥയിലായ 64കാരനെ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഈഞ്ചക്കല്‍ എസ്പി മെഡിഫോര്‍ട്ടിലെ കാര്‍ഡിയോളജി വിഭാഗത്തിന് ആദരം. എറണാകുളത്ത് നടന്ന ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി കൗണ്‍സില്‍ ഓഫ് കേരളയുടെ (ഐസിസികെ) വാര്‍ഷികസമ്മേളനത്തിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയകളില്‍ ആദ്യ നാലു സ്ഥാനങ്ങളില്‍ ഇടംപിടിക്കാന്‍ എസ് പി മെഡിഫോര്‍ട്ടിന് കഴിഞ്ഞു.

കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പ്രവീണ്‍ ജി എല്ലും സംഘവുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. കേരളത്തിലെ വിവിധ ആശുപത്രികളിലെ 200 ഓളം ശസ്ത്രക്രിയകള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 64കാരനില്‍ കൊറോണറി ധമനികള്‍ പൂര്‍ണമായും അടഞ്ഞിരിക്കുന്നത് കണ്ടത്തിയത്. ഹൃദയത്തിലേക്ക് രക്തവും, ഓക്‌സിജനും, പോഷകങ്ങളും എത്തിക്കുന്ന കൊറോണറി ധമനികളിലെ ബ്ലോക്കുകള്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിയിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. എസ്പി മെഡിഫോര്‍ട്ടിന്റെ അത്യാധുനിക 3ഡി എഐ കാത്ത് ലാബിന്റെയും വിപുലമായ ഒപ്റ്റിക്കല്‍ കോഹറന്‍സ് ടോമോഗ്രഫി (ഒസിടി) ഇമേജിങ്ങിന്റെയും സഹായത്തോടെ ഫെമോറല്‍, റേഡിയല്‍ എന്നീ ധമനികള്‍ വഴിയാണ് ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി പൂര്‍ത്തീകരിച്ചത്.

എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ടീമിന്റെ അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ് നേട്ടമെന്ന് കാര്‍ഡിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ജി എല്‍ പറഞ്ഞു. ആധുനിക മെഡിക്കല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.