മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കല്‍ വിഷയത്തില്‍ കേരള, കര്‍ണാടക സര്‍ക്കാറുകള്‍ ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീര്‍ഷ ആവശ്യപെട്ടു. ബാഗ്ലൂര്‍ സ്ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വര്‍ഷം കഴിഞ്ഞിട്ടും സക്കരിയ ഇന്നും വിചാരണ പൂര്‍ത്തിയാവാതെ ജയിലില്‍ കിടക്കുകയാണ്.

കേസില്‍ പോലീസ് ഹാജരാക്കിയ മൊഴികളടക്കം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഇനിയും അന്യായമായ ഈ തടവ് തുടരുന്നത് നീതിബോധമുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ കഴിയില്ല. കേരള, കര്‍ണാടക സര്‍ക്കാറുകള്‍ ഇടപെട്ട് എത്രയും വേഗം സക്കരിയയുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സക്കരിയയുടെ ഉമ്മ ബീഉമ്മയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.

ജില്ലാ ജനറല്‍ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈതലവി കാട്ടേരി, ലുബ്ന കൊടിഞ്ഞി, മണ്ഡലം പ്രസിഡണ്ട് സാബിര്‍ കൊടിഞ്ഞി, അലി അക്ബര്‍, വാര്‍ഡ് കൗണ്‍സലര്‍ ആയിശുമ്മു പിവി, റീന സാനു, സുലൈഖ എന്നിവര്‍ കൂടെയുണ്ടായിരുന്നു.