കേരളത്തിന്റെ വസ്ത്രപാരമ്പര്യത്തിന്റെ ചരിത്രം വിശദമാക്കുന്ന പഞ്ചദിന പൊതു പ്രദര്‍ശനം ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുള്ള കനകധാര മ്യൂസിയത്തില്‍ ആരംഭിച്ചു. സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ മ്യൂസിയം സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മ്യൂസിയോളജി വിഭാഗം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

കഴിഞ്ഞ വര്‍ഷത്തെ മ്യൂസിയം കാറ്റലോഗിന്റെ പ്രകാശനം ജോയിന്റ് രജിസ്ട്രാര്‍ സുഖേഷ് കെ. ദിവാകര്‍ നിര്‍വ്വഹിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങള്‍ തന്റെ പരിസരങ്ങളില്‍ നിന്ന് ശേഖരിച്ച് പുരാവസ്തുശേഖരണത്തില്‍ പ്രതിഭ തെളിയിച്ച മേക്കാലടി സ്വദേശി എ.കെ. അലിയെ സര്‍വ്വകലാശാല ആദരിച്ചു.

കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രം, കേരളീയരുടെ പ്രാചീന കാലത്തെ വസ്ത്രധാരണത്തെ കുറിച്ചുള്ള തെളിവുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തില്‍ കാണാന്‍ കഴിയും. മധ്യകാല കേരളീയരുടെ വസ്ത്രധാരണരീതികളെ അക്കാലത്തെ ശില്പമാതൃകകളിലൂടെയും ചുമര്‍ചിത്രങ്ങളിലൂടെയും പ്രദര്‍ശനം വിവരിക്കുന്നു. മധ്യകാലാനന്തര വസ്ത്രധാരണശൈലികള്‍ പ്രദര്‍ശനത്തില്‍ പരിചയപ്പെടുത്തുകയും കൊളോണിയല്‍ ഫോട്ടോഗ്രാഫുകള്‍ അടക്കമുള്ള തെളിവ് സാമഗ്രികള്‍ പ്രദര്‍ശനവിഷയമാകുകയും ചെയ്തിട്ടുണ്ട്.

ഒന്നാം ലോക മഹായുദ്ധത്തിലെ പടയാളികളുടെ ഉടുപ്പ് മുതല്‍ ആധുനിക കാലത്തെ വസ്ത്രങ്ങള്‍ വരെ പ്രദര്‍ശനത്തിലുണ്ട്. കൂടാതെ മധ്യകാലഘട്ടത്തിലെ വിവിധ ശില്പങ്ങളുടെ മാതൃകകളെ ആസ്പദമാക്കി സര്‍വ്വകലാശാലയിലെ ഫൈന്‍ ആര്‍ട്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ശില്പങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇവയുടെ കാലഘട്ടവും സ്ഥലവും രേഖപ്പെടുത്തിയിട്ടുണ്ട്.

കൊളോണിയല്‍ കാലഘട്ടത്തിലെ ഫോട്ടോകളുടെ പ്രദര്‍ശനം ആ കാലഘട്ടത്തിലെ ജീവിതരീതിയും വസ്ത്രധാരണരീതിയും വ്യക്തമാക്കുന്നു. ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനവും കാണാവുന്നതാണ്. പരമ്പരാഗത രീതിയില്‍ വസ്ത്രങ്ങള്‍ നെയ്യുന്നത് കാണുവാന്‍ ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ സൗകര്യമുണ്ട്.

ഇതോടൊപ്പം കേരളത്തിലെ വസ്ത്രപാരമ്പര്യങ്ങളെക്കുറിച്ച് പണ്ഡിതരും വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന ശില്പശാലയും നടക്കുന്നു. ഡോ. വിനില്‍ പോള്‍, അനഘ പി.ജെ., കൃഷ്ണപ്രിയ രാജീവ്, ഡോ. എന്‍.ജെ. ഫ്രാന്‍സീസ്, ഡോ. കെ.എം. ഷീബ,. അപര്‍ണ ഗോപാല്‍ കെ. എന്നിവര്‍ ശില്പശാലയില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഷെഫറീന്‍ പി.വി., ശ്രീഹരി കെ. പിള്ള, അനുജ എം. രാംദാസ്, അനഘ എം. എന്നിവര്‍ ഇന്നും നാളെയും ശില്പശാലയില്‍ പങ്കെടുത്ത് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രാവിലെ 10 മുതല്‍ അഞ്ച് വരെയാണ് പ്രദര്‍ശനസമയം. പ്രവേശനം സൗജന്യമാണ്. 21 പ്രദര്‍ശനം സമാപിക്കും.