- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സര്‍വ്വകലാശാലയുടെ പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഷിജു അലക്സിന്
മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദീപന്‍ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്‌കാരത്തിന് ഗ്രന്ഥപ്പുരയുടെ സ്ഥാപകന്‍ ഷിജു അലക്‌സ് അര്‍ഹനായതായി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു. 10,000/- രൂപയും ശിലാഫലകവുമാണ് പുരസ്‌കാരം.
കേരളവുമായി ബന്ധപ്പെട്ട്, എല്ലാ ഭാഷകളിലും ലിപികളിലുമുള്ള കൈയ്യെഴുത്ത് രേഖകള്‍, അച്ചടി പുസ്തകങ്ങള്‍, ചിത്രങ്ങള്‍, ഓഡിയോ, വീഡിയോ തുടങ്ങിയവ ശേഖരിച്ച് ഡിജിറ്റൈസ് ചെയ്ത് പൊതുവായി പങ്കുവെക്കുന്ന പദ്ധതിയാണ് ഷിജു അലക്‌സ് നേതൃത്വം നല്‍കുന്ന ഗ്രന്ഥപ്പുര. പാലക്കാട് ജില്ലയിലെ പനയംപാടം സ്വദേശിയായ ഷിജു അലക്‌സ്, 2009ലാണ് ഗ്രന്ഥപ്പുര ആരംഭിച്ചത്. എല്ലാവര്‍ക്കും സൗജന്യമായി ആക്‌സസ്സ് ചെയ്യാവുന്ന ശ്രദ്ധേയമായ ആര്‍ക്കേവുകള്‍ ആണ് ഷിജു അലക്‌സ് ഡിജിറ്റല്‍ ആക്കുന്നത്.
ഒരൊറ്റ വ്യക്തി സ്വമേധയാ നിര്‍മ്മിച്ച പുസ്തകങ്ങളുടെയും രേഖകളുടെയും ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ആര്‍ക്കൈവ് എന്നാണ് ഗ്രന്ഥപ്പുരയെ കണക്കാക്കുന്നത്. ഗ്രന്ഥപ്പുരയിലൂടെയുള്ള കേരള ഡിജിറ്റൈസേഷന്‍ പ്രവൃത്തികള്‍ ഇപ്പോള്‍ പതിനഞ്ച് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം നൂറ്കണക്കിന് അപൂര്‍വ്വ ഗ്രന്ഥങ്ങള്‍, മാസികകള്‍, സ്മരണകകള്‍, പാഠപുസ്തകങ്ങള്‍ തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ആരിക്കണക്കിനു പ്രമാണങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ഷിജു അലക്‌സ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയിട്ടുണ്ട്.
ഗ്രന്ഥപ്പുരയിലൂടെ ലഭ്യമായ സ്‌കാനുകള്‍ നിരവധി ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരും ഉപയോഗിച്ചുവരുന്നു. ഗ്രന്ഥപ്പുരയിലെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ അക്കാദമിക്/ അക്കാദമികേതര പഠനങ്ങള്‍ക്ക് അവലംബമായിട്ടുണ്ട്. മലയാള ഭാഷാപഠനത്തിന് ഷിജു അലക്‌സ് നല്‍കുന്ന സംഭാവനകള്‍ പുരസ്‌ക്കാര സമിതി പ്രത്യേകം വിലയിരുത്തിയതായി സര്‍വ്വകലാശാല അറിയിച്ചു.




