ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കൂത്തമ്പലം ഏപ്രില്‍ ഏഴ് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ഒരു അപൂര്‍വ്വ നൃത്ത അരങ്ങേറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. സര്‍വ്വകലാശാലയിലെ നാല് അനധ്യാപക 'വിദ്യാര്‍ത്ഥിനികളു'ടെ അരങ്ങേറ്റമാണ് നടക്കുക. സര്‍വ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ബെറ്റി വര്‍ഗീസ് (സര്‍വ്വകലാശാല എഞ്ചിനീയര്‍), അസിസ്റ്റന്റുമാരായ ഷീജ ജോര്‍ജ്ജ്, എം. എസ്. സുനിതാറാണി, പി. എസ്. മഞ്ജു എന്നീ ജീവനക്കാരാണ് അരങ്ങേറ്റം നടത്തുക. സര്‍വ്വകലാശാലയിലെ എം. എ. (മോഹിനിയാട്ടം) നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി വി. സുഷ്മയാണ് ഗുരുവെന്നത് മറ്റൊരു പ്രത്യേകതയാണ്.

ഒന്നര വര്‍ഷത്തെ പഠനത്തിന് ശേഷമാണ് അരങ്ങേറ്റം. വൈകിട്ട് ജോലി കഴിഞ്ഞ് അഞ്ചേകാല്‍ മുതല്‍ ആറ് വരെയായിരുന്നു ഡാന്‍സ് പഠനം. ആഴ്ചയില്‍ മൂന്ന് ക്ലാസ്സുകള്‍. ഭരതനാട്യത്തിലെ പുഷ്പാഞ്ജലിയും ദേവീസ്തുതിയുമാണ് അരങ്ങേറ്റത്തില്‍ അവതരിപ്പിക്കുക ഗുരു കൂടിയായ സുഷ്മ പറഞ്ഞു.

വ്യായാമത്തിന് വേണ്ടിയും നൃത്തത്തോടുളള താല്പര്യത്തിലുമാണ് നൃത്തപഠനം തുടങ്ങിയത്. ഗുരുവിനെ ഞങ്ങള്‍ സ്വയം കണ്ടെത്തിയതാണ്. തുടക്കത്തില്‍ പത്ത് പേരുണ്ടായിരുന്നു. പലരും പല ശാരീരിക പ്രശ്‌നങ്ങളാല്‍ നൃത്തപഠനം അവസാനിപ്പിച്ചു. ഓഫീസ് സമയം കഴിഞ്ഞ് വൈകിട്ടുളള സമയമായിരുന്നു നൃത്തപഠനം. സഹപ്രവര്‍ത്തകരുടെയും വീട്ടുകാരുടെയും പ്രോത്സാഹനം നല്‍കിയ ഊര്‍ജ്ജം എടുത്തു പറയേണ്ട ഒന്നാണ് ', സര്‍വ്വകലാശാല എഞ്ചീനിയര്‍ കൂടിയായ ബെറ്റി വര്‍ഗ്ഗീസ് പറഞ്ഞു.

ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ചിന് ചേരുന്ന അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. കെ. ഗീതാകുമാരി നിര്‍വ്വഹിക്കും. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു അധ്യക്ഷയായിരിക്കും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ്, ഫിനാന്‍സ് ഓഫീസര്‍ സില്‍വി കൊടക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.