വടക്കാങ്ങര: 'നിരപരാധികളായ ഫലസ്തീന്‍ കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊന്നൊടുക്കുന്ന ഇസ്രായേലിന്റെ ഉല്‍പ്പന്നങ്ങള്‍ ഇനി ഞങ്ങള്‍ ഉപയോഗിക്കില്ല, കുഞ്ഞു പൈതങ്ങളെയും നിരാലംബരായ മനുഷ്യരെയും കൊന്നൊടുക്കുന്ന ക്രൂരതയ്ക്ക് ആയുധവും ആള്‍ബലവും നല്‍കാന്‍ ഞങ്ങളില്ല' എന്നുറക്കെ പ്രഖ്യാപിച്ച് ഇസ്രായേല്‍ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് ഫോട്ടോകള്‍ വലിച്ചു കീറി കുട്ടയിലെറിഞ്ഞ് വടക്കാങ്ങര ടാലന്റ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച 'സോളിഡാരിറ്റി വിത്ത് ഗസ' പരിപാടിയിലാണ് ഈ പ്രതിജ്ഞ ഓരോ കുട്ടിയും ഏറ്റു ചൊല്ലിയത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും കഫിയ്യ ധരിച്ചും അവര്‍ ഫലസ്തീനോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. പരിപാടിയില്‍ അധ്യാപികയും ആക്ടിവിസ്റ്റുമായ ഫലസ്തീന്‍ പ്രക്ഷോഭ സമരങ്ങളിലെ മുന്‍നിര പ്രവര്‍ത്തകയുമായ സഫ്‌ന എം മുഖ്യപ്രഭാഷണം നടത്തി. ഫലസ്തീന്‍ ഒരു വിഭാഗത്തിന്റെയോ ഒരു രാജ്യത്തിന്റെ മാത്രമോ പ്രശ്‌നമല്ല മറിച്ച് നീതിയും നന്മയും ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യസമൂഹത്തിന്റെയും പ്രശ്‌നമാണെന്ന് അവര്‍ പറഞ്ഞു.

സ്‌കൂള്‍ മലര്‍വാടി യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദലി കൊടിഞ്ഞി അദ്ധ്യക്ഷത വഹിച്ചു.

സി.സി.എ കണ്‍വീനര്‍ രജീഷ്, ചീഫ് അക്കാഡമിക് കോഡിനേറ്റര്‍ സൗമ്യ, തഹ്‌സീന്‍, സ്വാലിഹ്, സൗദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മലര്‍വാടി സ്റ്റുഡന്റ് കോര്‍ഡിനേറ്റര്‍ ഫിസ ഫാത്തിമ പി.കെ സ്വാഗതവും മലര്‍വാടി ക്യാപ്റ്റന്‍ നഹാന്‍ അബ്ദുറസാഖ് നന്ദിയും പറഞ്ഞു.