ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷന്‍ രാജ്യാന്തര ശില്‍പശാലക്ക് കൊച്ചിയില്‍ തുടക്കം

കൊച്ചി: സമുദ്ര മത്സ്യബന്ധനം നിരീക്ഷക്കുന്നതിനും മീന്‍പിടുത്ത വിവര ശേഖരണത്തിനുമായി യാനങ്ങളില്‍ ഇലക്ട്രോണിക് സംവിധാനം ഉടന്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി അഭിലാക്ഷ് ലിഖി. മത്സ്യബന്ധന വിവരശേഖരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

കൊച്ചിയില്‍ ഇന്ത്യന്‍ ഓഷ്യന്‍ ട്യൂണ കമ്മീഷനും (ഐ ഒ ടി സി) ഫിഷറി സര്‍വേ ഓഫ് ഇന്ത്യയും (എഫ്എസ്ഐ) സംഘടിപ്പിച്ച അഞ്ച് ദിവസത്തെ രാജ്യാന്തര ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയയായിരുന്നു അദ്ദേഹം.

വിവിധ യാനങ്ങളുപയോഗിച്ചുള്ള മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ശാസ്ത്രീയ വിവര ശേഖരണവും മാനേജ്മെന്റ് രീതികളും മെച്ചപ്പെടുത്തുകയാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള എഫ് എസ് ഐ യാണ് ഇത് വികസിപ്പിക്കുന്നത്. ശാസ്ത്രീയ പിന്തുണയുള്ള വിശ്വസനീയമായ ഡേറ്റയാണ് മത്സ്യമേഖലയുമായി ബന്ധപ്പെട്ടുള്ള അന്താരാഷ്ട്ര വ്യാപാര രംഗത്തെ വെല്ലുവിളികള്‍ക്കെതിരെ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധമെന്ന് സെക്ട്രട്ടറി പറഞ്ഞു.

അന്താരാഷ്ട്ര വിപണികളിലേക്കുള്ള പ്രവേശനം, കയറ്റുമതി വിപണികളില്‍ അര്‍ഹമായ പരിരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള 'പാസ്പാര്‍ട്ടാണ' ഈ ശാസത്രീയ ഡേറ്റ. തത്സമയ നിരീക്ഷണത്തിനായി ഇതുവരെ പ്രധാനമന്ത്രി മത്സ്യ സമ്പത്ത യോജനയുടെ കീഴില്‍ ഏകദേശം 36000 മത്സ്യബന്ധനയാനങ്ങലില്‍ ട്രാന്‍സ്‌പോണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്- അഭിലാക്ഷ് ലിഖി പറഞ്ഞു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂര, ചൂര പോലുള്ള മത്സ്യയിനങ്ങള്‍, ഉപരിതല സ്രാവുകള്‍ എന്നിവയുടെ മാനേജ്മെന്റ് ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര ഏജന്‍സിയാണ് ഐ ഒ ടി സി. ഈ മ്ത്സ്യിനങ്ങള്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് സഞ്ചരിക്കുന്നതിനാല്‍ വിവിധ രാജ്യങ്ങളുടെ സഹകരണത്തോടെ രാജ്യാന്തര തലത്തില്‍ മാനേജ്മെന്റ് രീതികള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ മറ്റു രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ഫിഷറീസ് സെക്രട്ടറി പറഞ്ഞു.

ചൂര മത്സ്യബന്ധനത്തിനുള്ള ആഗോള ക്വാട്ട സംവിധാന പുനര്‍ നിശ്ചയിക്കണമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഉയര്‍ന്നതും പക്ഷപാതരഹിതവുമായ ക്വാട്ട ഉറപ്പാക്കുന്നതിന് ഈ സംവിധാനം പരിഷ്‌കരിക്കേണ്ടതുണ്ട്. ട്യൂണ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് കോള്‍ഡ് ചെയിന്‍ സംവിധാനം കൊണ്ടുവരണം. ട്യൂണയുടെ ഗുണനിലവാരം സംരക്ഷിക്കാനും, കേടുപാടില്ലാതെ സൂക്ഷിക്കാനും ആഗോള വിപണിയില്‍ ഇന്ത്യന്‍ ട്യൂണയുടെ ആവശ്യകത വര്‍ധിപ്പിക്കാനും ഈ സംവിധാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാന്‍, ഫ്രാന്‍സ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയുള്‍പ്പെടെ 12 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഇന്ത്യയിലെ വിവിധ തീരദേശ സംസ്ഥാനങ്ങളില്‍ നിന്നുള്ള 18 ഫിഷറീസ് ഉദ്യോഗസ്ഥരുമാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.

ഐഒടിസി സെക്രട്ടേറിയറ്റ് അംഗം ലോറന്‍ നെല്‍സണ്‍, സെന്റര്‍ ഫോര്‍ മറൈന്‍ ലിവിംഗ് റിസോഴ്‌സസ് ആന്‍ഡ് ഇക്കോളജി (സിഎംഎല്‍ആര്‍ഇ) മേധാവി ഡോ ആര്‍ എസ് മഹേഷ്‌കുമാര്‍, എഫ്എസ്ഐ ഡയറക്ടര്‍ ജനറല്‍ ഡോ ശ്രീനാഥ് കെ ആര്‍, നിഫാറ്റ് ഡയറക്ടര്‍ ഡോ ഷൈന്‍ കുമാര്‍ സി എസ്, സിഫ്നറ്റ് ഡയറക്ടര്‍ ഡോ എം ഹബീബുള്ള, എഫ് എസ് ഐ സോണല്‍ ഡയറക്ടര്‍ ഡോ സിജോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.