- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോരിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണം; സീറോ മലബാര്‍ സഭാ അല്മായ ഫോറം
ഭാരതത്തിലെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ ആഴം അനുസരിച്ച് പട്ടിക വിഭാഗങ്ങള്‍, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ എന്ന് രണ്ടായിത്തിരിച്ചതുപോലെ പ്രജനന നിരക്ക്, ജനസംഖ്യാ വളര്‍ച്ച, ജനസംഖ്യാ അനുപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മൈക്രോ മൈനോറിറ്റി എന്ന നിര്‍വചനം അടിയന്തരമായിട്ടുണ്ടാകണമെന്ന് സീറോ മലബാര്‍ സഭാ അല്മായ ഫോറം കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.
ക്രിസ്ത്യന്‍, സിക്ക്, ജൈനര്‍, ബുദ്ധര്‍, പാഴ്സി വിഭാഗങ്ങളെ വിവിധ ക്ഷേമപദ്ധതികളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന അവസ്ഥക്ക് പരിഹാരം ഉണ്ടാകണം.ഈ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തില്‍ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാല്‍ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാന്‍ മൈക്രോ മൈനോരിറ്റി നിര്‍വചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണം .
ക്രൈസ്തവരുടെ സാമൂഹ്യ പിന്നോക്കാവസ്ഥ പഠിക്കുവാന്‍ ദേശീയതലത്തില്‍ അടിയന്തരമായി കമ്മറ്റി രൂപീകരിക്കണം.ജനസംഖ്യയിലും സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലയിലും കുതിച്ചുയരുന്ന ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനുവേണ്ടി മാത്രമായിട്ട് ന്യൂനപക്ഷത്തിന്റെ മറവില്‍ ക്ഷേമപദ്ധതികള്‍ തുടരുന്നതില്‍ നീതീകരണമുണ്ടോയെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പുനര്‍വിചിന്തനം നടത്തണം.കേരളത്തില്‍ ജെ.ബി.കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുന്ന കാര്യത്തില്‍ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതല്‍ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങള്‍ ഉയരുന്ന ഘട്ടത്തില്‍ സമാശ്വാസമെന്നോണം ചില പ്രസ്താവനകള്‍ അധികാരികള്‍ നടത്തുന്നു എന്നതിനപ്പുറം ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അംഗബലം കുറയുന്ന ക്രൈസ്തവരെപ്പോലെയുള്ള മൈക്രോ മൈനോരിറ്റി വിഭാഗങ്ങളെ രാജ്യത്തിന്റെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തി സംരക്ഷിച്ചില്ലെങ്കില്‍ അധികം വൈകാതെ ഇത്തരം വിഭാഗങ്ങള്‍ അപ്രത്യക്ഷമായേക്കാം.അതില്‍ തന്നെവിവേചനത്തിന്റെയും, നീതിരാഹിത്യത്തിന്റെയും കയ്പുനീര് നുണയുന്ന ന്യൂനപക്ഷവിഭാഗമായി കേരളത്തിലെ ക്രൈസ്തവര്‍ മാറിയിരിക്കുന്നു.
കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തിന് അര്‍ഹമായ പ്രതിനിധ്യം ലഭിക്കുന്നില്ല.ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്കായി സമരങ്ങള്‍ ചെയ്യേണ്ട അവസ്ഥയില്‍ ആണ് ഇപ്പോള്‍ ക്രൈസ്തവ ന്യൂനപക്ഷവിഭാഗങ്ങള്‍ എത്തിനില്‍ക്കുന്നത്.ന്യൂനപക്ഷം എന്ന നിലയില്‍ ഭരണഘടനാപരമായി ലഭിക്കേണ്ട അവകാശങ്ങളില്‍ ഗുരുതരമായ വിവേചനങ്ങള്‍ ക്രൈസ്തവ സമൂഹം നേരിടുന്നുണ്ട്. ഭരണകൂട പിന്തുണ ലഭിക്കേണ്ട ഒട്ടേറെ സാഹചര്യങ്ങളില്‍ അതുണ്ടാകാതെ പോകുന്നതും, പ്രശ്നപരിഹാരങ്ങള്‍ക്ക് കാലതാമസം നേരിടുന്നതും പ്രധാന പ്രതിസന്ധികളാണ്.
ഇത്തരം സാഹചര്യത്തതില്‍ മൈക്രോ മൈനോറിറ്റി പ്രൊട്ടക്ഷന്‍ ആന്‍ഡ് വെല്‍ഫെയര്‍ പോളിസി രൂപീകരിച്ചു നടപ്പിലാക്കുവാനും ഭരണഘടനാ പദവിയുള്ള നാഷണല്‍ മൈക്രോ മൈനോരിറ്റി കമ്മീഷന് രൂപീകരിച്ചു കൊണ്ടുള്ള ഭരണഘടനാ ഭേദഗതിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്യ്രത്തിനും തുല്യ അവസരങ്ങള്‍ക്കുമുള്ള അവകാശം ഉറപ്പുവരുത്തുകയും അവരുടെ അഭിമാനവും അന്തസ്സും സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയുമാണ് സര്‍ക്കാരുകള്‍ ചെയ്യേണ്ടത്.