- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റൈന്‍ ഇന്‍ട്രാ-ഇസ്ലാമിക് ഡയലോഗ് കോണ്‍ഫറന്‍സ്: കാന്തപുരവും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരിയും പങ്കെടുക്കും
കോഴിക്കോട്: ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ നടക്കുന്ന ദ്വിദിന ഇന്‍ട്രാ-ഇസ്ലാമിക് ഡയലോഗ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും പങ്കെടുക്കും. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയും ബഹ്റൈന്‍ മതകാര്യ വകുപ്പും അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്ലിം എല്‍ഡേഴ്‌സ് കൗണ്‍സിലും സംയുക്തമായാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. 'ഒരു സമൂഹം, ഒരുമിച്ചുള്ള മുന്നേറ്റം' എന്ന പ്രമേയത്തില്‍ ഇസ്ലാമിക വിശ്വാസം പിന്തുടരുന്ന വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ഐക്യവും സ്‌നേഹ സംവാദങ്ങളും സാധ്യമാക്കുകയെന്നതാണ് കോണ്‍ഫറസിന്റെ ലക്ഷ്യം.
ഇസ്ലാമിക രാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ 2022 ലെ ഡയലോഗ് ഫോറത്തില്‍ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ് നടത്തിയ ആഹ്വാനത്തെ തുടര്‍ന്നാണ് വിവിധ മേഖലകളിലെ മുസ്ലിം പ്രധാനികള്‍ ഒരുമിക്കുന്ന ഈ വേദി സംഘടിപ്പിച്ചിട്ടുള്ളത്. മത പണ്ഡിതര്‍, രാഷ്ട്ര നേതാക്കള്‍, നയതന്ത്രജ്ഞര്‍, യൂണിവേഴ്സിറ്റി തലവന്മാര്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 400 പ്രമുഖരാണ് കോണ്‍ഫറന്‍സിലെ അതിഥികള്‍.
കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിംകളുടെ ഇടയില്‍ യോജിപ്പിന്റെ വിശാലമായ വേദിയുണ്ടാക്കാനും അതിലൂടെ മുസ്ലിം സമൂഹങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും കോണ്‍ഫറന്‍സ് ലക്ഷ്യമിടുന്നു. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്റാഹീം, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബ്, കസാഖിസ്ഥാന്‍ സ്പീക്കര്‍ മൗലന്‍ അസിംബേവ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ നേതൃത്വം നല്‍കുന്ന സെഷനില്‍ മുസ്ലിം സമൂഹം ഐക്യപ്പെടേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സംസാരിക്കും.